• HOME
  • »
  • NEWS
  • »
  • sports
  • »
  • IND VS ENG JAMES ANDERSON ONCE AGAIN DISMISSED VIRAT KOHLI AND CELEBRATION VIDEO GOES VIRAL

കോഹ്ലിയോട് പകരം വീട്ടി ആന്‍ഡേഴ്‌സണ്‍; യാത്രയയപ്പുമായി ഇംഗ്ലണ്ട് ആരാധകരും, വീഡിയോ

ലോഡ്‌സ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മിലും ഒന്ന് ഉരസിയിരുന്നു.

News18

News18

  • Share this:
    ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 42 റണ്‍സ് ലീഡോടു കൂടി ഒന്നാം ദിവസം 120/0 എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ആദ്യമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടോസ് ജയിച്ചത്. എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രോഹിത്തിനെ കൂടാതെ അജിന്‍ക്യ രഹാനെ മാത്രമാണ് (18 റണ്‍സ്) രണ്ടക്കം കടന്നത്.

    ഇന്ത്യയെ 78 റണ്‍സിന് ലീഡ്സില്‍ എറിഞ്ഞൊതുക്കിയപ്പോള്‍ ഒരു തരത്തില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയോട് ലോഡ്‌സിലെ തോല്‍വിക്ക് കണക്കു തീര്‍ക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ സന്തോഷം നല്‍കിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റായിരുന്നു. കാരണം മറ്റൊന്നുമല്ല ലോഡ്‌സ് ടെസ്റ്റിനിടെ ഒട്ടേറെ തവണ ഇരു ടീമുകളിലെയും താരങ്ങള്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരത്തിലുള്ള വാക്‌പോരുകള്‍ തന്നെയാണ് ആ മത്സരം ആവേശകരമാക്കിയതും.

    ആ മത്സരത്തില്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മിലും ഒന്ന് ഉരസിയിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിന്റെ 17-ാം ഓവറിലാണ് ഇരുവരും വാക്കുകളിലൂടെ പരസ്പരം ഏറ്റുമുട്ടിയത്. നാലാം ദിനത്തിലെ തന്റെ ഒമ്പതാം ഓവര്‍ എത്തിയ ആന്‍ഡേഴ്‌സണ്‍ ഓവറിലെ നാലാം പന്ത് എറിഞ്ഞ ശേഷം കോഹ്ലിയോട് എന്തോ പറഞ്ഞു. തന്നെ ചീത്തവിളിച്ച താരത്തിനെതിരെ കടുത്ത ഭാഷയിലാണ് കോഹ്ലി മറുപടി നല്‍കിയത്. 'നീ വീണ്ടും എനിക്കെതിരെ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല' - എന്ന് കോഹ്ലി ആന്‍ഡേഴ്സണോട് പറയുന്നത് സ്റ്റമ്പ് മൈക്കുകളിലൂടെ വ്യക്തമായി തന്നെ കേള്‍ക്കാമായിരുന്നു.

    ഇതിന് ശേഷം അടുത്ത പന്ത് എറിഞ്ഞതിന് ശേഷം വീണ്ടും കോഹ്ലിയെ പ്രകോപിപ്പിക്കാനായി ആന്‍ഡേഴ്‌സണ്‍ വീണ്ടും എത്തി. ഒരു കാര്യത്തിലും വിട്ടുകൊടുക്കാതെ തിരിച്ചടിക്കുന്ന കോഹ്ലി ഇതിനും മറുപടി നല്‍കി. 'പ്രായമായാല്‍ ഇങ്ങനെയാണ്, വെറുതെ ചിലച്ച് കൊണ്ടിരിക്കും.' - കോഹ്ലി പറഞ്ഞു.


    ഇതിന് മറുപടിയെന്നോണമായിരുന്നു ആന്‍ഡേഴ്‌സണിന്റെ പ്രകടനം. വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര എന്നീ മൂന്ന് വമ്ബന്‍ സ്രാവുകളെയാണ് 39-ാം വയസില്‍ ആന്‍ഡേഴ്‌സണ്‍ ജോസ് ബട്‌ലറിന്റെ കൈകളില്‍ എത്തിച്ചത്. മൂവരില്‍ കോഹ്ലിയുടെ വിക്കറ്റിന്റെ പ്രാധാന്യം ആന്‍ഡേഴ്‌സണിന്റെയും നായകന്‍ ജോ റൂട്ടിന്റെയും ആഘോഷത്തില്‍ പ്രകടമായിരുന്നു. വിക്കറ്റ് വീണതിന് പിന്നാലെ ആന്‍ഡേഴ്‌സണ്‍ ആക്രോശിക്കുകയായിരുന്നു. കോഹ്ലിക്ക് തനത് ശൈലിയില്‍ യാത്രയയപ്പ് നല്‍കാന്‍ ഇംഗ്ലണ്ട് ആരാധകരും മടിച്ചില്ല.

    Published by:Sarath Mohanan
    First published:
    )}