• HOME
  • »
  • NEWS
  • »
  • sports
  • »
  • IND VS ENG JOE ROOT SCORES EIGHTH TEST TON AGAINST INDIA AND OWNS RECORD IN LEEDS

IND vs ENG | ലീഡ്സില്‍ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റൂട്ട് മുന്‍ താരം കെവിന്‍ പിറ്റേഴ്‌സണിനൊപ്പം രണ്ടാമത് എത്തിയിട്ടുണ്ട്.

News18

News18

  • Share this:
    ലീഡ്സ് ടെസ്റ്റില്‍ ടോപ് ഓര്‍ഡറിന്റെ കരുത്തുറ്റ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യക്കെതിരെ 345 റണ്‍സിന്റെ ശക്തമായ ലീഡാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 എന്ന നിലയിലാണ്. പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (121) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടെസ്റ്റില്‍ 23ആം സെഞ്ചുറി കുറിച്ച റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്. റൂട്ടിന് പുറമെ റോറി ബേണ്‍സ് (61), ഹസീബ് ഹമീദ് (68), ഡേവിഡ് മലാന്‍ (70) എന്നിവരും അര്‍ധസെഞ്ചുറി പ്രകടനങ്ങളുമായി തിളങ്ങി.

    ലീഡ്സിലെ സെഞ്ച്വറി പ്രകടനത്തിലൂടെ ഇംഗ്ലണ്ട് നായകന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് എതിരെ റൂട്ട് നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. കൂടാതെ ഈ ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും. ആദ്യ രണ്ട് ടെസ്റ്റിലും താരം സെഞ്ച്വറികള്‍ അടിച്ചെടുത്തിരുന്നു.

    ഇന്ത്യക്ക് എതിരെ എട്ടാം സെഞ്ച്വറിയെന്ന ഈ നേട്ടത്തോടെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിലായി ഏറ്റവും അധികം സെഞ്ച്വറികള്‍ നേടിയ ബാറ്റ്സ്മാനായി റൂട്ട് മാറി. ഏഴ് സെഞ്ച്വറി പ്രകടനങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അലിയസ്റ്റര്‍ കുക്ക് എന്നിവരെയാണ് റൂട്ട് ഈ ലിസ്റ്റില്‍ മറികടന്നത്. കൂടാതെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനായി ഏറ്റവും അധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റൂട്ട് മുന്‍ താരം കെവിന്‍ പിറ്റേഴ്‌സണിനൊപ്പം രണ്ടാമത് എത്തിയിട്ടുണ്ട്.

    പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 64, 109, രണ്ടാം ടെസ്റ്റില്‍ 180, 33, ലീഡ്സില്‍ 121 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോറുകള്‍. ഇന്ത്യക്കെതിരെ കളിച്ച 41 ഇന്നിംഗ്സുകളില്‍ നിന്നാണ് റൂട്ട് എട്ട് സെഞ്ചുറി സ്വന്തമാക്കിയത്. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കിയിരുന്നു. ആറ് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് റൂട്ട് ഇപ്പോള്‍.

    വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ശ്രദ്ധയോടെയാണ് മുന്നേറിയത്. ഒന്നാം വിക്കറ്റില്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. റോറി ബേണ്‍സിനെ(61) ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 153 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ബേണ്‍സ് 61 റണ്‍സെടുത്തത്. പിന്നീട് ക്രീസില്‍ ഹമീദും റൂട്ടും ചേര്‍ന്ന് പതിയെ ഇംഗ്ലണ്ട് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. ഇന്ത്യന്‍ പേസര്‍മാരെ ശ്രദ്ധയോടെ പ്രതിരോധിച്ച് മുന്നേറിയ ഹമീദിനെ പുറത്താക്കി ജഡേജ ഇന്ത്യക്ക് ചെറിയൊരാശ്വാസം വീണ്ടും നല്‍കി. 68 റണ്‍സെടുത്ത ഹമീദിനെ ജഡേജ ബൗള്‍ഡാക്കുകയായിരുന്നു.

    രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിലേക്ക് തിരിച്ചവരാമെന്ന പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പില്‍ ഉയര്‍ന്നെങ്കിലും പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന റൂട്ട് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. മികച്ച സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്ത റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിലേക്ക് പെട്ടെന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്ത് കൊണ്ട് അവരുടെ ലീഡ് ഉയര്‍ത്തുകയായിരുന്നു.
    Published by:Sarath Mohanan
    First published:
    )}