• HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോഹ്ലിയുടെ 'അഗ്രസീവ്' ടീമിനെതിരെ കളിക്കുന്നത് അഭിമാനമുള്ള കാര്യം'; ജോസ് ബട്ട്‌ലര്‍

'കോഹ്ലിയുടെ 'അഗ്രസീവ്' ടീമിനെതിരെ കളിക്കുന്നത് അഭിമാനമുള്ള കാര്യം'; ജോസ് ബട്ട്‌ലര്‍

കോഹ്ലി അവിശ്വസനീയമാംവിധം മത്സരസ്വഭാവമുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോഹ്ലിക്കെതിരെ കളിക്കുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

News18

News18

  • Last Updated :
  • Share this:
    ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവുകയാണ്. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ വെച്ച് നടക്കുന്ന മത്സരത്തിലേക്ക് ആത്മവിശ്വാസത്തോടെ കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ സംഘം ഇറങ്ങുമ്പോള്‍ പരമ്പരയില്‍ തിരിച്ചുവരവ് നടത്താന്‍ ലക്ഷ്യമിട്ടാകും റൂട്ടിന്റെ കീഴില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 151 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയത്.

    മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ വാനോളം പ്രശംസിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്ട്‌ലര്‍. കോഹ്ലി അവിശ്വസനീയമാംവിധം മത്സരസ്വഭാവമുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോഹ്ലിക്കെതിരെ കളിക്കുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. കോഹ്ലിയെ വാനോളം പ്രശംസിച്ചതിനൊപ്പം അദ്ദേഹം നയിക്കുന്ന ടീം ഇന്ത്യയെ പുകഴ്ത്താനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ മറന്നില്ല.

    'വിരാട് കോഹ്ലി അവിശ്വസനീയമാംവിധം മത്സരസ്വഭാവമുള്ളയാളാണ്. അവന്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു. അവനൊരു മികച്ച ബാറ്റ്‌സ്മാനാണ്. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിനെതിരെ കളിക്കുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ കളിക്കുന്നത് വളരെ അഭിമാനകരമാണ്.'- ബട്ട്‌ലര്‍ പറഞ്ഞു നിര്‍ത്തി.

    ലോഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ ഒട്ടേറെ തവണ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.

    അവസാന ദിനത്തില്‍ ബുംറയെ ബാറ്റിങ്ങിനിടെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ എത്തിയ ബട്ട്ലറിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ കോഹ്ലി കണക്കുസഹിതം കൊടുത്തിരുന്നു. ഇതിന്റെ വീഡിയോയും വളരെപെട്ടന്ന് തന്നെ വൈറലായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ ഷമിയുടെയും ബുംറയുടെയും നിര്‍ണായക കൂട്ടുകെട്ടിനിടെയാണ് ബുംറയ്ക്ക് നേരെ സ്ലെഡ്ജിങ് തന്ത്രവുമായി ഇംഗ്ലണ്ട് താരങ്ങള്‍ എത്തിയത്.

    ഇന്ത്യക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ പ്രധാന പ്രതീക്ഷകളില്‍ ഒരാളാണെങ്കിലും ഇതു വരെ പ്രതീക്ഷിച്ച മികവിലേക്കുയരാന്‍ ബട്ട്‌ലര്‍ക്ക് കഴിഞ്ഞിട്ടില്ല. പരമ്പരയില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 65 റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.

    പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് ഭീഷണി വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോഡ്‌സ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. പരിക്കിന് പുറമെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് നിലവില്‍ ഇംഗ്ലണ്ട് ടീമിനുള്ളത്. ബാക്കിയുള്ള താരങ്ങള്‍ മികച്ച തുടക്കം നേടിയ ശേഷം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മികവുറ്റ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ നിലയുറപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതും പോരായ്മയാണ്. എന്നാല്‍ ലോഡ്സിലെ തോല്‍വിക്ക് തക്കതായ മറുപടി നല്‍കാന്‍ ഉറപ്പിച്ചായിരിക്കും ജോ റൂട്ടും സംഘവും ഇന്നിറങ്ങുക.
    Published by:Sarath Mohanan
    First published: