IND vs ENG| ലോർഡ്സ് വിജയം; കോഹ്ലിക്ക് വമ്പൻ നേട്ടം; കപിൽ ദേവ്, ധോണി എന്നിവർക്കൊപ്പം
IND vs ENG| ലോർഡ്സ് വിജയം; കോഹ്ലിക്ക് വമ്പൻ നേട്ടം; കപിൽ ദേവ്, ധോണി എന്നിവർക്കൊപ്പം
കപിൽ ദേവ്, എം എസ് ധോണി എന്നിവർക്ക് പിന്നാലെ ലോർഡ്സിൽ ഇന്ത്യക്ക് ടെസ്റ്റ് വിജയം സമ്മാനിച്ച മൂന്നാമത്തെ ക്യാപ്റ്റനെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ നേടിയ ഐതിഹാസിക വിജയത്തോടെ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റന്മാര്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റൺസിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇന്ത്യ ഉയർത്തിയ 272 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ഇന്ത്യയുടെ പേസർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ബാറ്റിംഗ് തകർച്ച നേരിട്ടതോടെ അവർ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും മികച്ച ഫോമിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിനെ 120 റൺസിന് പുറത്താക്കി.
ലോര്‍ഡ്സില്‍ ജയം നേടിയതോടെ, ഇന്ത്യക്ക് ലോർഡ്സിൽ ടെസ്റ്റ് വിജയം സമ്മാനിച്ച മൂന്നാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരായ കപില്‍ ദേവ്, എംഎസ് ധോണി എന്നിവര്‍ക്ക് കീഴില്‍ മാത്രമേ ഇതിന് മുൻപ് ലോര്‍ഡ്സില്‍ ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിട്ടുണ്ടായിരുന്നുള്ളൂ.
1986ൽ കപിൽ ദേവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യൻ സംഘമാണ് ക്രിക്കറ്റിന്റെ തറവാട്ടുമുറ്റമായ ലോർഡ്സിൽ ഇന്ത്യയുടെ ആദ്യ ജയം നേടിയത്. പിന്നീട് ലോർഡ്സിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് 2014ൽ ധോണിയുടെ കീഴിലായിരുന്നു. 2014ൽ ലോർഡ്സിൽ ജയം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു കോഹ്ലി. ധോണിയുടെ പിൻഗാമിയായി ക്യാപ്റ്റൻ സ്ഥാനമേറ്റ കോഹ്ലിയുടെ നേതൃത്വത്തിൽ ഏഴ് വർഷങ്ങൾക്കിപ്പുറമാണ് ലോർഡ്സിൽ ഇന്ത്യ മൂന്നാമത്തെ ടെസ്റ്റ് ജയം നേടിയിരിക്കുന്നത്.
ലോർഡ്സ് ടെസ്റ്റ് വിജയിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടത്തിനൊപ്പം മറ്റൊരു നേട്ടം കൂടി കോഹ്ലി സ്വന്തമാക്കി. ടെസ്റ്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ലോകത്തിലെ നാലാമത്തെ ക്യാപ്റ്റൻ എന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്ലൈവ് ലോയ്ഡിനെ പിന്തള്ളിയാണ് കോഹ്ലി കൂടുതൽ ജയങ്ങൾ നേടിയ നാലാമത്തെ ക്യാപ്റ്റൻ ആയത്. 63 ടെസ്റ്റുകളില്‍ നിന്നും അദ്ദേഹത്തിന്റെ 37ാമത്തെ വിജയമായിരുന്നു ലോർഡ്സിലേത്. 74 ടെസ്റ്റുകളില്‍ നിന്നും 36 ജയങ്ങളാണ് ലോയ്ഡിന് സ്വന്തമായിരുന്നത്.
കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ഇനി കോഹ്ലിക്ക് മുന്നിലുള്ളത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ക്യാപ്റ്റനായ ഗ്രയിം സ്മിത്ത്, ഓസ്ട്രേലിയയുടെ ഇതിഹാസ ക്യാപ്റ്റന്മാരായ റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവരാണ്. 109 ടെസ്റ്റുകളില്‍ നിന്നും 53 വിജയങ്ങൾ സ്വന്തമായുള്ള സ്മിത്താണ് പട്ടികയിൽ ഒന്നാമൻ. പോണ്ടിങിനാണ് രണ്ടാംസ്ഥാനം. 77 ടെസ്റ്റുകളില്‍ നിന്നും 48 വിജയങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 57 ടെസ്റ്റുകളില്‍ നിന്നും 41 വിജയങ്ങളോടെ സ്റ്റീവ് വോ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് മത്സരം ജയിക്കാൻ 272 റൺസ് വിജയലക്ഷ്യം നിശ്ചയിക്കപ്പെട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യയുടെ മികച്ച പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്ന കാഴ്ചയാണ് കണ്ടത്.
ഒരു റൺ ചേർക്കുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഇടയ്ക്കിടക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ഇടക്ക് ചെറിയ ചെറുത്ത്നിൽപ്പ് നടത്തിയ ഇംഗ്ലണ്ട് സമനില നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന സെഷനിൽ സിറാജ് മിന്നൽപ്പിണരായതോടെ ഇംഗ്ലണ്ടിന്റെ സമനില മോഹങ്ങൾ ചാമ്പലാവുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. 33 റൺസെടുത്ത റൂട്ടാണ് ടോപ്സ്കോറർ. ഇന്ത്യയുടെ നാല് പേസർമാരാണ് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളുംനേടിയത്. സിറാജ് നാലും ബുംറ മൂന്നും ഇഷാന്ത് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ ബാക്കി വന്ന ഒരു വിക്കറ്റ് ഷമി സ്വന്തമാക്കി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.