ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളിലും കളിപ്പിക്കണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ലീഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്സിനും 76 റൺസിനുമുള്ള ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് വോൺ ഇന്ത്യൻ ടീമിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകൾ നടക്കുന്നത് സ്പിന്നിന് പിന്തുണ ലഭിക്കുന്ന പിച്ചുകൾ ഉള്ളവയിലാണ്. നാലാം ടെസ്റ്റ് ഓവലിലും അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റ് മാഞ്ചസ്റ്ററിലുമാണ് നടക്കുന്നത് എന്നതിനാൽ ഇവിടെ ഇന്ത്യ അശ്വിനെ കളിപ്പിച്ചില്ലെങ്കിൽ അത് തനിക്ക് ഞെട്ടലായിരിക്കും എന്നും വോൺ തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ പറഞ്ഞത്.
ലീഡ്‌സിൽ നിന്നും പോസിറ്റീവ് ആയ ഒരു കാര്യവും ഇന്ത്യക്ക് അടുത്ത മത്സരത്തിലേക്ക് എടുക്കാൻ ഇല്ല. പൂജാരയുടെ മികച്ച ബാറ്റിംഗ് പ്രകടനം മാത്രമാണ് ഇന്ത്യക്ക് ഈ ടെസ്റ്റിൽ നിന്നും ലഭിച്ചത്. ലീഡ്‌സിലെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിൽ അടുത്ത ടെസ്റ്റിലും പൂജാരയ്ക് ടീമിൽ സ്ഥാനം നിലനിർത്താൻ കഴിയും. പക്ഷെ ടീമിലെ വാലറ്റത്ത് മാറ്റം വരണം, അഞ്ച് ടെസ്റ്റ് സെഞ്ചുറിയും 400 വിക്കറ്റും നേടിയിട്ടുള്ള അശ്വിനെ ഇനിയുള്ള ടെസ്റ്റുകളിൽ കളിപ്പിക്കാൻ ഇന്ത്യ തയാറാവണം, എല്ലാ മത്സരങ്ങളിലും നാല് വാലറ്റക്കാരെ വെച്ച് കളിക്കാൻ കഴിയില്ലെന്നും വോൺ വ്യക്തമാക്കി.
ഇന്ത്യയുടെ വാലറ്റക്കാരെ മുയലുകൾ എന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വിശേഷിപ്പിച്ചത്. '8,9,10,11 സ്ഥാനങ്ങളില്‍ ഇന്ത്യക്ക് നാലു മുയലുകളാണുള്ളത്. ലോഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത് എന്ന തെറ്റിദ്ധാരണ മൂലമാണ് അവർ ലീഡ്‌സിലും അതേ കോമ്പിനേഷൻ തുടർന്നത്. എന്നാൽ ലീഡ്‌സിൽ ഒരു ചെറുത്ത്നിൽപ്പ് പോലും നടത്താതെ അവർ കീഴടങ്ങി. അതുകൊണ്ട് തന്നെ ടീമിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യക്കായി മുഹമ്മദ് ഷമി എട്ടാം സ്ഥാനത്ത് കളിക്കേണ്ടതില്ല.' വോൺ പറഞ്ഞു.
ഇംഗ്ലണ്ടിൽ പേസിനെ പിന്തുണയ്ക്കുന്ന സാഹചര്യങ്ങളിൽ നാല് പേസർമാരും ഒരു സ്പിന്നറും എന്ന കോമ്പിനേഷനാണ് ഇന്ത്യ ലീഡ്‌സ് ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും പരീക്ഷിച്ചത്. ബാറ്റിങ്ങിന് ആഴം കൂട്ടുക എന്ന ലക്ഷ്യത്തോടെ രവീന്ദ്ര ജഡേജയാണ് അശ്വിന് പകരം സ്പിന്നറായി ടീമിലേക്ക് പരിഗണിക്കപ്പെട്ടത്.
അതേസമയം, അശ്വിൻ ഇന്ത്യക്ക് വേണ്ടി അടുത്ത ടെസ്റ്റിൽ കളിച്ചേക്കും എന്നാണ് സൂചന. ലീഡ്സ് ടെസ്റ്റിനിടെ പരിക്കേറ്റ ജഡേജ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിക്ക് ഗുരുതരമാണെങ്കിൽ ജഡേജയ്ക്ക് പകരം അശ്വിനെ ഇറക്കാനാകും ഇന്ത്യൻ ടീമിന്റെ തീരുമാനം.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികൾ വീതം ജയിച്ച് സമനില പാലിക്കുന്നു. ഇന്നലെ ലീഡ്‌സിൽ അവസാനിച്ച മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്സിനും 76 റൺസിനാണ് തോല്പിച്ചത്. പരമ്പരയിൽ ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയം നേടിയിരുന്നു. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. പരമ്പരയിലെ നാലാം ടെസ്റ്റ് സെപ്റ്റംബർ രണ്ടിന് ഓവലിൽ വെച്ച് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.