ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പയില്‍ റിവ്യൂകള്‍ നഷ്ടപ്പെടുത്തിയതിന് ഒട്ടേറെ ട്രോളുകള്‍ നേരിടേണ്ടി വന്ന താരമാണ് യുവ പേസര്‍ മുഹമ്മദ് സിറാജ്. ലോര്‍ഡ്സ് ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവേ രണ്ട് റിവ്യൂകള്‍ എടുക്കാന്‍ സിറാജ് കോഹ്ലിയെ നിര്‍ബന്ധിച്ചിരുന്നു. സിറാജിന്റെ നിര്‍ബന്ധത്താല്‍ താരത്തെ വിശ്വാസത്തിലെടുത്ത് കൊണ്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും കോഹ്ലി രണ്ട് റിവ്യൂകളും എടുത്തു. എന്നാല്‍ രണ്ടും ഇംഗ്ലണ്ടിന് അനുകൂലമായുള്ള ഫലം തന്നെയാണ് വന്നത്.
ഇതിനു പിന്നാലെ താരത്തെ ട്രോളി മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫറും രംഗത്തെത്തിയിരുന്നു. ഡി ആര് എസിന് രസകരമായ ഒരു നിര്‍വചനം കണ്ടെത്തി അതിലൂടെയാണ് ജാഫര്‍ സിറാജിനെ ട്രോളിയത്. 'ഡിആര്‍എസ്: റിവ്യു ചെയ്യല്ലേ സിറാജേ' ( DRS: Don't Review Siraj) എന്നാണ് വസീം ജാഫര്‍ തന്റെ ട്വീറ്റില്‍ കുറിച്ചത്.
എന്നാല്‍ ലീഡ്സ് ടെസ്റ്റില്‍ രണ്ടാം ദിനം നേരെ വിപരീതമായ ഒരു സംഭവമാണ് അരങ്ങേറിയത്. ഓപ്പണര്‍മാരുടെ വിക്കറ്റ് വീഴ്ത്തിയതോടെ മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പില്‍ ഉയര്‍ന്നെങ്കിലും പരമ്പരയില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന റൂട്ടും മറുവശത്ത് പരമ്പരയിലെ ആദ്യ മത്സരം കളിക്കാന്‍ ഇറങ്ങിയ ഡേവിഡ് മലാനും അനായാസം ലീഡ് ഉയര്‍ത്തുകയാണ് ഉണ്ടായത്. ഇതിനിടെയാണ് സിറാജ് എറിഞ്ഞ 94ആം ഓവറില്‍ ഒരു പന്ത് ഡേവിഡ് മലാന്റെ ലെഗ് സൈഡിലൂടെ കടന്നുപോയി റിഷഭ് പന്തിന്റെ കൈകളില്‍ ഒതുങ്ങുന്നത്.
How good was that?
Mohammed Siraj and Virat Kohli get the DRS right 😄
എന്നാല്‍ റിഷഭ് പന്തോ മറ്റ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരോ ക്യാച്ചിനായി അപ്പീല്‍ ചെയ്തിരുന്നില്ല. അപ്പോഴും റിവ്യൂ എടുക്കാന്‍ സിറാജ് കോഹ്ലിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. റിഷഭ് പന്ത് വിക്കറ്റ് അല്ല എന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ സിറാജിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കോഹ്ലി റിവ്യൂ എടുത്തതോടെയാണ് ഇന്ത്യക്ക് അനുകൂലമായ വിധി വന്നത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 139 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ആദ്യ ടെസ്റ്റിനിടയില്‍ ഇത്തരത്തില്‍ റിവ്യൂ നഷ്ടപ്പെടുത്തിയതിന് കോഹ്ലി പരിഹാസങ്ങള്‍ നേരിട്ടിരുന്നു. എല്ലാ റിവ്യൂവും പാഴാക്കിയ ഇന്ത്യന്‍ ടീമിന് ആവശ്യ സമയത്ത് ഒന്ന് പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ഡി ആര് എസ് ആവശ്യപ്പെടുന്ന ആംഗ്യം കാട്ടി ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ കോഹ്ലിയെ ട്രോളാന്‍ തുടങ്ങുകയായിരുന്നു.
കോഹ്ലിയെ നോക്കി ഡി ആര് എസ് ചിഹ്നം കാട്ടിയായിരുന്നു അവരുടെ പരിഹാസം. ഇതിന്റെ ചിത്രം ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.