• HOME
 • »
 • NEWS
 • »
 • sports
 • »
 • IND vs ENG| 'പൂജാരയുടെ മികവ് എന്താണെന്ന് ടീമിലെ എല്ലാവർക്കും അറിയാം, അതിന്മേൽ ചർച്ചകൾ നടന്നിട്ടില്ല'; പൂജാരയ്ക്ക് പിന്തുണയുമായി രോഹിത് ശർമ

IND vs ENG| 'പൂജാരയുടെ മികവ് എന്താണെന്ന് ടീമിലെ എല്ലാവർക്കും അറിയാം, അതിന്മേൽ ചർച്ചകൾ നടന്നിട്ടില്ല'; പൂജാരയ്ക്ക് പിന്തുണയുമായി രോഹിത് ശർമ

മൂന്നാം ദിനം പുറത്താകാതെ 180 പന്തില്‍ നിന്ന് 15 ഫോറുകളുടെ സഹായത്തോടെ 91 റണ്‍സ് നേടിയ പൂജാര ഇന്ത്യയെ രക്ഷിച്ചെടുക്കുക മാത്രമായിരുന്നില്ല, വിമര്‍ശകര്‍ക്ക് തന്റെ ബാറ്റ് കൊണ്ട് ഉചിതമായ മറുപടി കൂടി നല്‍കുകയായിരുന്നു.

 • Last Updated :
 • Share this:
  മൂന്നാം ദിനത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിച്ച പൂജാരയുടെ ബാറ്റിംഗ് പ്രകടനത്തെ പിന്തുണച്ച് ടീമിലെ സഹതാരമായ രോഹിത് ശർമ. മൂന്നാം ദിനം പുറത്താകാതെ 180 പന്തില്‍ നിന്ന് 15 ഫോറുകളുടെ സഹായത്തോടെ 91 റണ്‍സ് നേടിയ പൂജാര ഇന്ത്യയെ രക്ഷിച്ചെടുക്കുക മാത്രമായിരുന്നില്ല, വിമര്‍ശകര്‍ക്ക് തന്റെ ബാറ്റ് കൊണ്ട് ഉചിതമായ മറുപടി കൂടി നല്‍കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ റണ്‍സ് കണ്ടെത്താൻ വിഷമിച്ച താരത്തിന് നേരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.

  ലീഡ്‌സ് ടെസ്റ്റിൽ തോൽവി ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യൻ താരങ്ങൾ മൂന്നാം ദിനത്തിൽ കളിക്കാൻ ഇറങ്ങിയത്. ആദ്യ ഇന്നിങ്സിൽ 78 പുറത്തായതിന് ശേഷം 354 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി സീനിയർ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ പ്രതീക്ഷയുടെ ചെറു വിത്തുകൾ മുള പൊട്ടിയിട്ടുണ്ട്. മൂന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എടുത്ത ഇന്ത്യ ഇംഗ്ലണ്ട് ഉയർത്തിയ ലീഡിന് 139 റൺസ് പിന്നിലാണ്.

  മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ബാറ്റിങ്ങിൽ നിർണായകമായത് പൂജാരയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഈ പ്രകടനമായിരുന്നു. ടെസ്റ്റിൽ മെല്ലെപ്പോക്കിന്റെ ആശാനായ പൂജാര ഇന്നലെ പക്ഷെ അക്രമണത്തിലൂന്നിയാണ് കളിച്ചത്. രോഹിത് ശർമയ്‌ക്കൊപ്പം രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന താരം 82 റൺസ് കൂട്ടുകെട്ടും പിന്നീട് രോഹിത് മടങ്ങിയതിന് ശേഷം മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കൊപ്പം 99 റൺസിന്റെ അപരാജിത കൂട്ടുകെട്ടും പടുത്തുയർത്തിയാണ് ഇന്ത്യയുടെ ലീഡ്‌സിലെ രക്ഷാപ്രവർത്തനത്തിന് വഴി തെളിച്ചത്.

  പൂജാരയുടെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ച രോഹിത് ശർമ, താരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെയും തുറന്നടിക്കുകയാണ് ഉണ്ടായത്. പൂജാരയുടെ ബാറ്റിങ്ങിനെ ചൊല്ലിയുള്ള ചർച്ചകൾ ഒന്നും തന്നെ ഡ്രസിങ് റൂമിൽ ഉണ്ടായിട്ടില്ല. പുറത്ത് നടക്കുന്ന കാര്യങ്ങൾ ടീമിനെ ബാധിക്കുന്നതല്ലെന്നും രോഹിത് വ്യക്തമാക്കി.

  "പൂജാരയുടെ ഫോമിനെ പറ്റി ഇതുവരെ ഡ്രസിങ് റൂമില്‍ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. അതിനെ കുറിച്ചുള്ള ചർച്ചകൾ പുറത്താണ് നടക്കുന്നത്. പൂജാരയുടെ മികവും പരിചസമ്പത്തും ഞങ്ങള്‍ക്ക് നന്നായി അറിയാം. അങ്ങനൊരാള്‍ ടീമിലുള്ളപ്പോള്‍ മറ്റ് ചര്‍ച്ചകളിലേക്ക് കടക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ കാഴ്ചപ്പാട്," രോഹിത് വ്യക്തമാക്കി.

  പൂജാരയുടെ ലോഡ്‌സ് ടെസ്റ്റിലെയും ഓസ്‌ട്രേലിയൻ പാരമ്പരയിലെയും പ്രകടനങ്ങൾ വിസ്മരിക്കാൻ കഴിയില്ല എന്നും രോഹിത് വ്യക്തമാക്കി. "പൂജാരയുടെ കഴിഞ്ഞ കുറച്ച്‌ മത്സരങ്ങളിലെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ റണ്‍സ് നേടിയത് കുറവാണ്. പക്ഷെ ലോര്‍ഡ്സില്‍ അജിങ്ക്യ രഹാനയുമൊത്ത് നിര്‍ണായകമായൊരു കൂട്ടുകെട്ട് അദ്ദേഹം ഉണ്ടാക്കി. ഓസ്ട്രേലിയയിലെ പൂജാരയുടെ പ്രകടനം മറക്കാനാകില്ല. ഓസ്‌ട്രേലിയയിൽ ജയം നേടാൻ കഴിഞ്ഞതിന്റെ പുറകിൽ പൂജാരയുടെ പ്രകടനമുണ്ടെന്ന് ഓർക്കണം. നമ്മുടെ ഓര്‍മ പുറകോട്ടാണ്, എല്ലാം മറക്കും," രോഹിത് വിമര്‍ശിച്ചു.

  ഒന്ന് രണ്ട് മത്സരങ്ങളിൽ മോശമാകുമ്പോഴേക്കും അവരെ വിമർശിക്കുന്നത് ഒഴിവാക്കണമെന്നും വര്ഷങ്ങളായി മികച്ച പ്രകടനം തുടരുന്നതിനാലാണ് പൂജാരയ്ക്ക് ഇപ്പോൾ ഈ വിമർശനം നേരിടേണ്ടി വരുന്നത്, ഒരാളെ വിമർശിക്കുമ്പോൾ അവരുടെ ദീർഘകാലത്തെ പ്രകടനം കൂടി വിലയിരുത്തേണ്ടതുണ്ട്. രോഹിത് കൂട്ടിച്ചേർത്തു.

  "പൂജാരയപ്പോലുള്ള താരങ്ങളെ വിമർശിക്കുമ്പോൾ ഇത്രയും കാലത്തെ പ്രകടനങ്ങള്‍ കൂടി പരിഗണിക്കണം. കേവലം ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കൊണ്ട് ആരാധകര്‍ വിലയിരുത്തരുത്. നിലവിലെ ഫോമിനെപ്പറ്റി മനസിലാകും. വര്‍ഷങ്ങളായി അദ്ദേഹം മികവ് പുലര്‍ത്തിയതു കൊണ്ടാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയരുന്നത്. പൂജരായുടെ ചരിത്രത്തെ മാനിക്കണം," രോഹിത് കൂട്ടിച്ചേര്‍ത്തു.

  "റണ്‍സ് സ്കോര്‍ ചെയ്യണമെന്ന തീരുമാനത്തോടെയാണ് പൂജാര ക്രീസിലെത്തിയത്. ഞങ്ങളുടെ ഇന്നിങ്സ് കേവലം അതിജീവനത്തിനായുള്ളതല്ല. റണ്‍സ് നേടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പൂജാര അത് തെളിയിച്ചു. ബാറ്റ് ചെയ്യാന്‍ ഒട്ടും അനുകൂലമായ സാഹചര്യമല്ല 300 റണ്‍സിന് പുറകിലായിരിക്കുമ്ബോള്‍. പൂജാരയുടെ മനോഭാവവും കൂടിയാണ് തെളിഞ്ഞത്," രോഹിത് വിശദീകരിച്ചു.

  നാലാം ദിനമായ ഇന്ന് മത്സരം വീണ്ടും ആരംഭിക്കുമ്പോൾ പൂജാരയിലും കോഹ്‌ലിയിലുമാകും ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ. ആദ്യ സെഷന്റെ തുടക്കത്തിൽ ഇംഗ്ലണ്ട് ബൗളർമാരുടെ വെല്ലുവിളി അതിജീവിച്ച് ഇരുവരും ചേർന്ന് വലിയൊരു ഇന്നിംഗ്സ് കളിച്ചാലേ ഇന്ത്യക്ക് സമനിലയെങ്കിലും പ്രതീക്ഷിക്കാൻ കഴിയൂ.
  Published by:Naveen
  First published: