ഓവൽ: സിക്സർ പായിക്കുന്നതിൽ പുതിയ നേട്ടവുമായി ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ്മ. ഏകദിനത്തില്‍ 250 സിക്സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോർഡാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് എതിരായ ഓവലില്‍ നടന്ന മത്സരത്തില്‍ അഞ്ച് സിക്സറുകളാണ് രോഹിത്തിന്റെ ബാറ്റില്‍ അതിർത്തിക്ക് പുറത്തേക്ക് പറന്നത്. ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 58 പന്തില്‍ നിന്ന് 7 ഫോറും അഞ്ച് സിക്സും ഉൾപ്പടെയാണ് രോഹിത് 76 റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ പത്തൊമ്പതാം ഓവറില്‍ പറത്തിയ സിക്സിലൂടെയാണ് ഏകദിനത്തില്‍ 250 സിക്സുകള്‍ എന്ന റെക്കോര്‍ഡ് രോഹിത് സ്വന്തം പേരിലാക്കിയത്.
കഴിഞ്ഞ ദിവസത്തെ അഞ്ചു സിക്സറുകൾ കൂടി അടിച്ചതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന കളിക്കാരില്‍ രോഹിത് നാലാമത് എത്തി. 351 സിക്സോടെ പാകിസ്ഥാന് മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. 331 സിക്സോടെ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ല് രണ്ടാമചാണ്. 270 സിക്സുകള്‍ പറത്തിയ ലങ്കന്‍ മുന്‍ ഓപ്പണര്‍ ജയസൂര്യയാണ് മൂന്നാം സ്ഥാനത്തുണ്ട്.
രോഹിതും അദ്ദേഹത്തിന്റെ ഓപ്പണിംഗ് പങ്കാളി ധവാനും ഏകദിന ക്രിക്കറ്റിലെ പങ്കാളിത്തത്തിൽ 5,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡികളിൽ ഒന്നായി ഇവർ മാറി. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡികളായ സച്ചിൻ ടെണ്ടുൽക്കർ-സൗരവ് ഗാംഗുലി സഖ്യത്തിന് തൊട്ടരികിൽ എത്താനും രോഹിത്-ധവാൻ സഖ്യത്തിന് സാധിച്ചു. 6609 റൺസുമായി സച്ചിനും ഗാംഗുലിയും ആണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 5372 റൺസ് നേടിയ ഓസീസ് ജോഡികളായ ആദം ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ, ഡി ഹെയ്ൻസ്-ഗോൾഡൻ ഗ്രീൻറിഡ്ജ് (5150) സഖ്യങ്ങളെ ഉടൻ മറികടക്കാൻ രോഹിതിനും ധവാനും സാധിക്കും.
Also Read-
IND vs ENG 2022 1st ODI | എറിഞ്ഞിട്ട് ബുംറ, അടിച്ചൊതുക്കി രോഹിത്; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം
താനും ധവാനും ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും പരസ്പരം നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും ആദ്യ ഏകദിനത്തിൽ മാച്ച് വിന്നിംഗ് ഓപ്പണിംഗ് കൂട്ടുകെട്ട് പ്രകടനത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് പറഞ്ഞു. 'ഞാനും ധവാനും ഒരുമിച്ച് ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ആദ്യ പന്തിൽ ഒരു ആശയക്കുഴപ്പം (റൺഔട്ട് അവസരം) ഉണ്ടായതൊഴിച്ചാൽ ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയാണ് ബാറ്റു ചെയ്തത്," മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ ശർമ്മ പറഞ്ഞു.
“അദ്ദേഹം (ധവാൻ) വളരെക്കാലത്തിന് ശേഷമാണ് ഏകദിനം കളിക്കുന്നത്. പരിചയ സമ്പന്നനായ കളിക്കാരനും ഓരോ സാഹചര്യങ്ങളിൽ മുൻകാലങ്ങളിൽ നമുക്കായി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തയാളാണ് ധവാൻ, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.