നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IND vs ENG| ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; പ്രതീക്ഷ പകർന്ന് പൂജാരയും കോഹ്‌ലിയും; 139 റൺസ് പിന്നിൽ

    IND vs ENG| ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; പ്രതീക്ഷ പകർന്ന് പൂജാരയും കോഹ്‌ലിയും; 139 റൺസ് പിന്നിൽ

    രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്. 91 റൺസോടെ പൂജാരയും 45 റൺസോടെ കോഹ്‌ലിയും ക്രീസിലുണ്ട്.

    • Share this:
      ലീഡ്‌സ് ടെസ്റ്റിൽ ഉയിർത്തെഴുന്നേൽപ്പിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് വിരാട് കോഹ്‌ലിയും സംഘവും ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ പകരുന്ന കാഴ്ചയാണ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ കാണാൻ കഴിഞ്ഞത്. മൂന്നാം ദിനത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ പൊരുതുന്നു.

      ആദ്യ ഇന്നിങ്സിൽ വെറും 78 റൺസിന് പുറത്തായി 354 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ്. റൺസ് കണ്ടെത്താൻ വിഷമിക്കുകയായിരുന്ന ഇന്ത്യയുടെ വിശ്വസ്ത ടെസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വർ പൂജാരയും രണ്ട് വർഷമായി ഒരു സെഞ്ചുറി നേടാൻ കഴിയാതെ നിൽക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും അവസരത്തിനൊത്ത് ഉയർന്നതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കാൻ തുടങ്ങിയത്. 91 റൺസോടെ പൂജാരയും 45 റൺസോടെ കോഹ്‌ലിയും ക്രീസിലുണ്ട്. മൂന്നാം വിക്കറ്റിൽ ഇതുവരെ ഇരുവരും 99 റൺസ് ചേർത്തിട്ടുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാൻ ഇന്ത്യക്ക് ഇനിയും 139 റൺസ് കൂടി വേണം. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (59) കെ എല്‍ രാഹുലിന്റെയും (8) വിക്കറ്റുകളാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്.

      മൂന്നാം ദിനം ആദ്യ സെഷന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ ശേഷിച്ച രണ്ടു വിക്കറ്റും വീഴ്ത്തി 432 റൺസിൽ അവരെ പുറത്താക്കി 354 റൺസിന്റെ ലീഡ് വഴങ്ങി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യൻ സംഘത്തിന് ആദ്യ രണ്ട് ടെസ്റ്റുകളിലും മികച്ച പ്രകടനം നടത്തിയ കെ എൽ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. മൂന്നാം ദിനം ലഞ്ചിന് തൊട്ടുമുമ്പ് എട്ടു റണ്‍സെടുത്ത രാഹുലിനെ ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ ബെയര്‍‌സ്റ്റോയുടെ ഒരു തകർപ്പൻ കാച്ചിലാണ് താരം പുറത്തായത്.

      തകർച്ച മുന്നിൽക്കണ്ട് നിന്ന ഇന്ത്യയെ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത് ശർമ - ചേതേശ്വർ പൂജാര സഖ്യം കരകയറ്റി. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയെ കൂട്ടുപിടിച്ച് പോരാട്ടം നയിച്ച രോഹിത് ശർമ ഇന്ത്യയെ 100 കടത്തി. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് അധികം വൈകാതെ രോഹിത് പുറത്തായി. 156 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 59 റൺസെടുത്ത രോഹിത്തിനെ ഒലി റോബിൻസൺ എൽബിയിൽ കുരുക്കുകയായിരുന്നു. അമ്പയറുടെ തീരുമാനം രോഹിത് റിവ്യു ചെയ്തെങ്കിലും രക്ഷയുണ്ടായില്ല. പൂജാരക്കൊപ്പം രണ്ടാം വിക്കറ്റില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് രോഹിത് മടങ്ങിയത്.

      പിന്നീട് ക്രീസിൽ ഒന്നിച്ച പൂജാരയും കോഹ്‌ലിയും കൂടി ഇന്ത്യൻ ഇന്നിങ്സിന്റെ രക്ഷാപ്രവർത്തകർ ആവുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പതിവിന് വിപരീതമായി ആക്രമണവും പ്രതിരോധവും ഒരു പോലെ സമന്വയിപ്പിച്ച് പൂജാര മുന്നേറിയപ്പോൾ മറുവശത്ത് ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്ന കോഹ്‌ലിയെയാണ് കാണാൻ കഴിഞ്ഞത്. ഇതിനിടയിൽ ടെസ്റ്റിലെ തന്റെ 30ാ൦ അർധസെഞ്ചുറിയും പിന്നിട്ടു.

      ഇരുവരും ആത്മവിശ്വാസത്തോടെ മുന്നേറിയപ്പോൾ ഇംഗ്ലണ്ട് നിര പ്രതിരോധത്തിലായി. വിക്കറ്റ് നേടാൻ ക്യാപ്റ്റൻ റൂട്ടിന്റെ നേതൃത്വത്തിൽ സ്പിന്നർമാർ രംഗത്ത് ഇറങ്ങിയെങ്കിലും കോഹ്‌ലിയും പൂജാരയും ഇംഗ്ലണ്ടിന് ഒരു പഴുതും നൽകിയില്ല. കളി നിർത്തുമ്പോൾ 180 പന്തിൽ 15 ഫോറുകൾ സഹിതമാണ് പൂജാര 91 റൺസെടുത്തത്. കോലി 94 പന്തിൽ ആറു ഫോറുകൾ സഹിതം 45 റൺസിൽ നിൽക്കുന്നു.
      Published by:Naveen
      First published:
      )}