• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ |മൂന്നാം ദിനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; കിവീസിനെ 296 റണ്‍സിന് ഓള്‍ ഔട്ടാക്കി, അക്‌സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്

IND vs NZ |മൂന്നാം ദിനത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; കിവീസിനെ 296 റണ്‍സിന് ഓള്‍ ഔട്ടാക്കി, അക്‌സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്

129 റണ്‍സിന് വിക്കറ്റൊന്നും നഷ്ട്ടപെടാതെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് 167 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.

Credit: twitter

Credit: twitter

  • Share this:
ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. മൂന്നാം ദിനം അക്‌സര്‍ പട്ടേലിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും തകര്‍പ്പന്‍ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിങ്സില്‍ 296 റണ്‍സിന് ഒതുക്കിയ ഇന്ത്യ 63 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

62 റണ്‍സ് വഴങ്ങിയാണ് അക്‌സര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.


ഓപ്പണിങ് വിക്കറ്റില്‍ 151 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കിവീസിനെതിരേ മികച്ച തിരിച്ചുവരവാണ് ഇന്ത്യ മൂന്നാം ദിനത്തില്‍ നടത്തിയത്. 129 റണ്‍സിന് വിക്കറ്റൊന്നും നഷ്ട്ടപെടാതെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് 167 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.


അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2016-ല്‍ ഇംഗ്ലണ്ടിന്റെ അലെസ്റ്റയര്‍ കുക്ക്-ഹസീബ് ഹമീദ് സഖ്യം ചെന്നൈയില്‍ 103 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ ന്യൂസീലന്‍ഡ് ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഏഴാം തവണ മാത്രമാണ്. ഇതില്‍ രണ്ട് കൂട്ടുകെട്ടിലും ടോം ലാഥം പങ്കാളിയായി.

214 പന്തില്‍ 89 റണ്‍സ് നേടിയ വില്‍ യങിനെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ ഉമേഷ് യാദവ് പുറത്താക്കിയതോടെയാണ് ന്യൂസിലന്‍ഡിന്റെ തകര്‍ച്ച ആരംഭിച്ചത്. 11 റണ്‍സ് നേടിയ റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലന്‍ഡല്‍, 95 റണ്‍സ് നേടിയ ടോം ലാഥം, ടിം സൗത്തീ എന്നിവരെ പുറത്താക്കിയ അക്‌സര്‍ പട്ടേലാണ് മൂന്നാം ദിനത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത്.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 345 റണ്‍സ് നേടിയിരുന്നു. അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും ഫിഫ്റ്റി നേടിയ ശുഭ്മാന്‍ ഗില്ലും രവീന്ദ്ര ജഡേജയുമാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി 5 വിക്കറ്റും കെയ്ല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും അജാസ് പട്ടേല്‍ 2 വിക്കറ്റും നേടി.
Published by:Sarath Mohanan
First published: