• HOME
 • »
 • NEWS
 • »
 • sports
 • »
 • 'നോ ലുക്ക്' സിക്സ് അടിച്ച് വിരട്ടി ഗുപ്റ്റിൽ; തൊട്ടടുത്ത പന്തിൽ തിരിച്ചടിച്ച് ചാഹർ

'നോ ലുക്ക്' സിക്സ് അടിച്ച് വിരട്ടി ഗുപ്റ്റിൽ; തൊട്ടടുത്ത പന്തിൽ തിരിച്ചടിച്ച് ചാഹർ

വാക്കേറ്റമോ അമിത ആഘോഷങ്ങളോ ഒന്നുമില്ലാതെ നടന്ന ഈ പോര് വൈകാതെ തന്നെ വൈറലാവുകയും ചെയ്തിരുന്നു

Deepak chahar

Deepak chahar

 • Last Updated :
 • Share this:
  ഇന്ത്യ - ന്യൂസിലന്‍ഡ് (India vs New Zealand) മത്സരത്തിനിടെ കാണികൾക്ക് ആവേശം പകർന്ന് ദീപക് ചാഹർ (Deepak Chahar) - മാർട്ടിൻ ഗപ്റ്റിൽ (Martin Guptill) പോര്. ഇരു ടീമുകളും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ ടി20 (First T20I) മത്സരത്തിനിടയിൽ രൂക്ഷമായ നോട്ടം കൈമാറിയാണ് ഇരുവരും പരസ്പരം പോരാടിയത്. താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അവസാനം ജയം നേടിയത് ചാഹർ തന്നെയായിരുന്നു.

  മത്സരത്തിൽ ന്യൂസിലൻഡ് ഇന്നിങ്സിന്റെ 18ാ൦ ഓവറിലായിരുന്നു സംഭവം. ഓവർ എറിയാനെത്തിയ ദീപക് ചാഹറിനെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചാണ് ഗപ്റ്റില്‍ വരവേറ്റത്. പന്ത് സിക്സിന് പറത്തിയ താരം പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് നോക്കുക പോലും ചെയ്യാതെ ചാഹറിന് നേരെ രൂക്ഷമായി നോക്കുകയായിരുന്നു. 98 മീറ്റർ സിക്‌സാണ് ഗപ്റ്റിൽ പറത്തിയത്.

  ആദ്യ പന്തിൽ അടികിട്ടിയ ചാഹർ പക്ഷെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. തൊട്ടടുത്ത പന്തില്‍ ഗപ്റ്റിലിന്റെ വിക്കറ്റെടുത്തായിരുന്നു ചാഹർ ഇതിന് മറുപടി നല്‍കിയത്. തുടരെ രണ്ടാം പന്തിലും ഇന്ത്യൻ താരത്തെ സിക്സിന് പറത്താൻ ശ്രമിച്ച ഗപ്റ്റിൽ പക്ഷെ ശ്രേയസ് അയ്യരുടെ കൈകളിൽ ഒരുങ്ങുകയായിരുന്നു. വിക്കറ്റ് നേട്ടം അധികം ആഘോഷിക്കാതിരുന്ന ചാഹർ ഗപ്റ്റിലിനുള്ള മറുപടിയെന്നോണം തിരിച്ചും രൂക്ഷമായി നോക്കുക മാത്രമാണ് ചെയ്തത്. മത്സരത്തില്‍ ഗപ്റ്റില്‍ 70 റണ്‍സ് നേടിയിരുന്നു. 42 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.


  ഇരുവരും തമ്മിലുള്ള പോരാട്ടം കമന്റേറ്റർമാരും പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. വാക്കേറ്റമോ അമിത ആഘോഷങ്ങളോ ഒന്നുമില്ലാതെ നടന്ന ഈ പോര് വൈകാതെ തന്നെ വൈറലാവുകയും ചെയ്തിരുന്നു. ഈ പ്രകടനം ചാഹറിന് ഒരു ലക്ഷം രൂപ നേടിക്കൊടുക്കുകയും ചെയ്തു. മത്സരത്തിലെ മികച്ച മുഹൂർത്തം എന്ന നിലയിലാണ് ഇന്ത്യൻ താരത്തിന് പാരിതോഷികം ലഭിച്ചത്.

  അടിക്ക് തിരിച്ചടി! ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

  ജയ്പൂരിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവിന്റെയും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

  സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറിന് 164. ഇന്ത്യ 19.4 ഓവറില്‍ അഞ്ചിന് 166.

  ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയ്ക്ക് പകരം ചോദിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഒരു ഘട്ടത്തില്‍ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. ന്യൂസിലന്‍ഡിനുവേണ്ടി ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാന്റ്‌നര്‍, സൗത്തി, മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ടീം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. 70 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

  ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ദീപക് ചഹര്‍ നാലോവറില്‍ 42 റണ്‍സിനും മുഹമ്മദ് സിറാജ് നാലോവറില്‍ 39 റണ്‍സിനും ഒരോ വിക്കറ്റ് വീഴ്ത്തി. ഓള്‍ റൗണ്ടറായി ടീമിലെത്തിയ വെങ്കടേഷ് അയ്യര്‍ ഇന്ന് പന്തെറിഞ്ഞില്ല.
  Published by:Naveen
  First published: