• HOME
  • »
  • NEWS
  • »
  • sports
  • »
  • Shreyas Iyer| അയ്യർ ദ ഗ്രേറ്റ്; ടെസ്റ്റ് അരങ്ങേറ്റത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ശ്രേയസ് അയ്യർ

Shreyas Iyer| അയ്യർ ദ ഗ്രേറ്റ്; ടെസ്റ്റ് അരങ്ങേറ്റത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ശ്രേയസ് അയ്യർ

കാൺപൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 105, രണ്ടാം ഇന്നിങ്സിൽ 65 എന്നിങ്ങനെയാണ് അയ്യർ സ്കോർ ചെയ്തത്.

  • Share this:
    ഇന്ത്യക്ക് (India) വേണ്ടി ടെസ്റ്റിൽ (Test) അരങ്ങേറ്റം കുറിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനങ്ങളുമായി ആരാധകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് യുവതാരം ശ്രേയസ് അയ്യർ (Shreyas Iyer). ന്യൂസിലൻഡിനെതിരായ (IND vs NZ) ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയിരുന്ന താരം രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി കൂടി നേടിയിരുന്നു. ഇതോടെ ഒരുപിടി റെക്കോർഡുകളാണ് താരം സ്വന്തം പേരിലേക്ക് എഴുതി ചേർത്തത്.

    ടെസ്റ്റിൽ ആദ്യത്തെ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാമത്തെ ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണ് അയ്യർ സ്വന്തമാക്കിയത്. കാൺപൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 105, രണ്ടാം ഇന്നിങ്സിൽ 65 എന്നിങ്ങനെയാണ് അയ്യർ സ്കോർ ചെയ്തത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിയും അർധസെഞ്ചുറിയും സ്വന്തമാക്കുന്ന പത്താമത്തെ താരം കൂടിയായി അയ്യർ.

    നേരത്തെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന 16ാ൦ ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് പേരിലാക്കിയിരുന്ന അയ്യർ, രണ്ട് ഇന്നിങ്‌സുകളിലും 50 ൽ കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരം എന്ന റെക്കോർഡ് കൂടി സ്വന്തമാക്കി. ദിൽവാർ ഹുസൈൻ, സുനിൽ ഗവാസ്കർ എന്നിവരാണ് അയ്യർക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ. അരങ്ങേറ്റ ടെസ്റ്റിൽ കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ഇന്ത്യൻ താരം എന്ന റെക്കോർഡ് കൂടി അയ്യർ നേടി. കാൺപൂർ ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിൽ നിന്നും 170 റൺസാണ് അയ്യർ നേടിയത്. പട്ടികയിൽ ശിഖർ ധവാൻ (187), രോഹിത് ശർമ (177) എന്നിവരാണ് അയ്യർക്ക് മുന്നിലുള്ളത്.

    കാൺപൂർ ടെസ്റ്റിൽ അയ്യരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് രക്ഷയായത്. അയ്യരുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 345 റൺസ് നേടിയത്. 171 പന്തുകളിൽ 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് അയ്യർ 105 റൺസെടുത്തത്. ശുഭ്‌‌മാന്‍ ഗില്‍(52), രവീന്ദ്ര ജഡേജ(50) എന്നിവരും ഇന്ത്യൻ സ്കോർബോർഡിലേക്ക് നിർണായക സംഭാവനകൾ നൽകി. ന്യൂസിലൻഡിനായി ബൗളിങ്ങിൽ ടി൦ സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. കൈൽ ജാമിസൻ മൂന്നും അജാസ് പട്ടേൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

    മറുപടി ബാറ്റിങ്ങിൽ അക്‌സർ പട്ടേലിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ന്യൂസിലൻഡിനെ 296ൽ ഒതുക്കി 49 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. ഈ അവസ്ഥയിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ അയ്യർ 125 പന്തില്‍ 65 റണ്‍സ് നേടി വീണ്ടും ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു.

    അയ്യർക്കൊപ്പം വൃദ്ധിമാൻ സാഹ (61), അശ്വിൻ (32), അക്‌സർ പട്ടേൽ (28) എന്നിവരുടെയും പ്രകടനങ്ങളുടെ സഹായത്തിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 234 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ന്യൂസിലൻഡിന് മുന്നിൽ 284 റൺസിന്റെ വിജയലക്ഷ്യം പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നാലാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസ് എടുത്തിട്ടുണ്ട്. അവസാന ദിനത്തിൽ വിജയത്തിലേക്ക് അവർക്ക് 280 റൺസ് കൂടി വേണം. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് ദുഷ്കരമാകുന്ന പിച്ചിൽ ന്യൂസിലൻഡിന്റെ ശേഷിച്ച വിക്കറ്റുകൾ കൂടി നേടി മത്സരം പിടിച്ചടക്കാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.

    അതേസമയം, അയ്യരുടെ തകർപ്പൻ പ്രകടനം ടീം മാനേജ്‌മെന്റിന് കടുത്ത തലവേദനയാണ് നൽകിയിരിക്കുന്നത്. ആദ്യത്തെ ടെസ്റ്റിൽ നിന്നും വിട്ടുനിന്ന ക്യാപ്റ്റൻ കോഹ്ലി അടുത്ത ടെസ്റ്റിൽ ടീമിലേക്ക് തിരിച്ചുവരുമ്പോൾ ആരെ പുറത്തിരുത്തുമെന്നാണ് അവർക്ക് മുന്നിലുള്ള വെല്ലുവിളി. ഫോമിൽ നിൽക്കുന്ന അയ്യരെ മാറ്റി കോഹ്‌ലിക്ക് അവസരം നൽകുമോ അതോ ഫോം കണ്ടെത്താൻ വിഷമിക്കുന്ന സീനിയർ താരങ്ങളായ പൂജാര, രഹാനെ എന്നിവരിൽ ഒരാളെ പുറത്തിരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
    Published by:Naveen
    First published: