മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ(New Zealand) കൂറ്റന്‍ ജയം നേടിയിരിക്കുകയാണ് വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ(Team India). രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. മത്സരത്തില്‍ ജയം നേടിയ ഇന്ത്യ 1-0 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവുമാണിത്.
ഇപ്പോഴിതാ മല്‍സരശേഷം ഇന്ത്യന്‍ താരം അശ്വിന്(R ashwin) പുറത്തുവിട്ട അപൂര്‍വ ചിത്രം സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ അപൂര്‍വ വിരുന്നായി വിശേഷിപ്പിക്കപ്പെടുകയാണ്. മല്‍സരശേഷം ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും താരങ്ങള്‍ നില്ക്കുന്ന ചിത്രമാണ് അശ്വിന് ട്വീറ്റ് ചെയ്തത്.
നാലു താരങ്ങള്‍ അവരവരുടെ ജഴ്സിയുമിട്ട് നിന്നപ്പോള്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് കൂട്ടിവായിക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍, കിവീസ് താരങ്ങളായ അജാസ് പട്ടേല്‍, രചിന് രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ നിരന്നുനില്ക്കുന്ന ചിത്രമാണ് അശ്വിന് പങ്കുവെച്ചത്.
അശ്വിന് ട്വീറ്റു ചെയ്ത ചിത്രം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 'പിക്ചര്‍ പെര്‍ഫെക്ട്' എന്ന തലവാചകത്തോടെ ഐസിസിയും ഈ ചിത്രം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിസിസിഐയും, ഐപിഎല്‍ ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരും ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ന്യൂസിലന്‍ഡിന് 27 റണ്‍സ് എടുക്കുമ്പോഴേക്കും ശേഷിച്ച വിക്കറ്റുകള്‍ എല്ലാം തന്നെ നഷ്ടമാവുകയായിരുന്നു. മൂന്നാം ദിനത്തില്‍ അശ്വിന്റെ പന്തുകള്‍ക്ക് മുന്നില്‍ വട്ടം തിരിഞ്ഞ ന്യൂസിലന്‍ഡിനെ ഇന്ന് വശം കെടുത്തിയത് ജയന്ത് യാദവിന്റെ പന്തുകളായിരുന്നു. ഇന്ന് വീണ അഞ്ച് വിക്കറ്റുകളില്‍ നാലെണ്ണവും വീഴ്ത്തിയ താരമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ ജയന്ത് യാദവും അശ്വിനും നാല് വിക്കറ്റ് വീതം വീഴ്ത്തി. 44 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സ് ആണ് കിവീസ് നിരയിലെ ടോപ് സ്കോറര്‍.
69 പന്തുകള്‍ മാത്രമാണ് നാലാം ദിനം കിവീസ് ബാറ്റ്സ്മാന്മാര്ക്ക് പ്രതിരോധിക്കാനായത്. നാലാം ദിനത്തില്‍ ഇന്ത്യയെ പ്രതിരോധിച്ച് നിന്ന രചിന് രവീന്ദ്രയെ ജയന്ത് മടക്കിയതോടെ അവരുടെ പോരാട്ടം അവസാനിക്കുന്ന കാഴ്ചയാണ് കണ്ടത്. കൈല്‍ ജെയ്മിസണ്‍ (0), ടിം സൗത്തി(0), വില്യം സോമര്‍വില്‍(1) എന്നിവര്‍ ജയന്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ വിക്കറ്റ് നല്കി മടങ്ങുകയായിരുന്നു. പിന്നാലെ 111 പന്തില്‍ 44 റണ്‍സുമായി പൊരുതിയ ഹെന്റി നിക്കോള്‍സിനെ അശ്വിന്റെ പന്തില്‍ സാഹ സ്റ്റമ്പ് ചെയ്തതോടെ കിവീസിന്റെ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ കൂറ്റന്‍ ജയം നേടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.