• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs NZ | കിവീസിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ; ഏഴ് വിക്കറ്റ് ജയം; പരമ്പര സ്വന്തം

IND vs NZ | കിവീസിൽ നിന്നും വിജയം റാഞ്ചി ഇന്ത്യ; ഏഴ് വിക്കറ്റ് ജയം; പരമ്പര സ്വന്തം

അർധസെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (36 പന്തുകളിൽ 55) കെ എൽ രാഹുൽ ( 49 പന്തുകളിൽ 65 റൺസ്) എന്നിവരാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

(Image: BCCI, Twitter)

(Image: BCCI, Twitter)

  • Share this:
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ തകർപ്പൻ ജയം നേടി ടീം ഇന്ത്യ. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ തകർത്ത് വിട്ടത്. ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

അർധസെഞ്ചുറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (36 പന്തുകളിൽ 55) കെ എൽ രാഹുൽ ( 49 പന്തുകളിൽ 65 റൺസ്) എന്നിവരാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും നേടിയ 117 റൺസാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. നേരത്തെ മികച്ച തുടക്കം നേടി തകർത്തടിച്ച കിവീസിനെ അവസാന ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളർമാരുടെ പ്രകടനവും നിർണായകമായി.

ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ കെ എൽ രാഹുലും ക്യാപ്റ്റൻ രോഹിത് ശർമയും തകർപ്പൻ തുടക്കമാണ് നൽകിയത്. രാഹുൽ തകർത്തടിച്ച് മുന്നേറിയപ്പോൾ രോഹിത് ശർമ താരത്തിന് പിന്തുണ നൽകി കൂടെ നിന്നു. ഇരുവരും ചേർന്ന് ന്യൂസിലൻഡ് ബൗളർമാരെ അനായാസം നേരിട്ടപ്പോൾ ഇന്ത്യൻ സ്കോർബോർഡിലേക്ക് റൺസും അനായാസം ഒഴുകിയെത്തുകയായിരുന്നു. തകർത്തടിച്ച് മുന്നേറിയ ഇവർ പവർപ്ലേ ഓവറിൽ 45 റൺസ് കൂട്ടിച്ചേർത്തു.

പവർപ്ലേ ഓവറുകൾക്ക് ശേഷവും അടിതുടർന്ന ഇവർക്കെതിരെ കിവീസ് ബൗളർമാർക്ക് ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. ഇതിനിടയിൽ സാന്റ്നർ എറിഞ്ഞ 10ാ൦ ഓവറിൽ 29ൽ നിൽക്കെ രോഹിത് ശർമ നൽകിയ ക്യാച്ച് ട്രെന്റ് ബോൾട്ട് നിലത്തിട്ടതും അവർക്ക് തിരിച്ചടിയായി. പിന്നാലെ 11ാ൦ ഓവറിൽ മിൽനെയെ സിക്സിന് പറത്തി രാഹുൽ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. അർധസെഞ്ചുറി പൂർത്തിയാക്കിയ ശേഷവും അടിതുടർന്ന രാഹുൽ ഒടുവിൽ സൗത്തിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഒന്നാം വിക്കറ്റിൽ രോഹിത് ശർമയ്‌ക്കൊപ്പം 117 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്.

രാഹുൽ മടങ്ങിയെങ്കിലും മറുവശത്ത് രോഹിത് അടി തുടർന്നു. 15ാ൦ ഓവറിൽ മിൽനെയുടെ പന്തിൽ സിക്സ് പറത്തിയാണ് രോഹിത് അർധസെഞ്ചുറി പൂർത്തിയാക്കിയത്. അർധസെഞ്ചുറി തികച്ചുനിൽക്കുകയായിരുന്ന രോഹിതിനെ പുറത്താക്കി സൗത്തി വീണ്ടും ന്യൂസിലൻഡിന് ആശ്വാസം നൽകി. രോഹിത് മടങ്ങിയ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സൂര്യകുമാർ യാദവാണ് ക്രീസിലെത്തിയത്. എന്നാൽ അതേ ഓവറിന്റെ അവസാന പന്തിൽ സൂര്യകുമാറിനെ ക്ലീൻ ബൗൾഡാക്കി സൗത്തി കിവീസിന് ബ്രേക്ത്രൂ നൽകി.

ഇന്ത്യൻ ബൗളർമാർ നടത്തിയത് പോലൊരു പ്രകടനം ന്യൂസിലൻഡ് ബൗളർമാരും ആവർത്തിക്കുമോ എന്ന് ആരാധകരിൽ ചെറിയ സംശയം ഉണർന്നെങ്കിലും അവയെ അടിച്ചു പറത്തി ഋഷഭ് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 11 പന്തിൽ 12 റൺസോടെ വെങ്കടേഷ് അയ്യരും ആറ് പന്തിൽ 12 റൺസോടെ പന്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിന് മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് ഈ തുടക്കം മുതലെടുക്കാൻ കഴിയാതെ പോയതോടെ അവർ ചെറിയ സ്കോറിലേക്ക് ഒരുങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ 200 റൺസ് നേടുമെന്ന് തോന്നിച്ച ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ ചേർന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. 11.2 ഓവറിൽ മൂന്ന് വിക്കറ്റിന് 90 റൺസ് എന്ന നിലയിലായിരുന്ന അവർക്ക് പിന്നീടുള്ള 52 പന്തുകളിൽ നിന്നും കേവലം 63 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 21 പന്തുകളിൽ 34 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്‌സാണ് അവരുടെ ടോപ് സ്‌കോറർ. വെടിക്കെട്ട് ബാറ്റർമാരായ ടിം സീഫെർട്ട് 15 പന്തുകളിൽ 13, ജിമ്മി നീഷാം 12 പന്തുകളിൽ 3 എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരം കളിച്ച ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അശ്വിന്‍, അക്‌സർ പട്ടേൽ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Published by:Naveen
First published: