ഇന്ത്യ- ന്യൂസിലന്‍ഡ് (India vs New Zealand)ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍. ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ടീം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. 70 റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യക്കായി ആര് അശ്വിന് നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ദീപക് ചഹര്‍ നാലോവറില്‍ 42 റണ്‍സിനും മുഹമ്മദ് സിറാജ് നാലോവറില്‍ 39 റണ്‍സിനും ഒരോ വിക്കറ്റ് വീഴ്ത്തി. ഓള് റൗണ്ടറായി ടീമിലെത്തിയ വെങ്കടേഷ് അയ്യര്‍ ഇന്ന് പന്തെറിഞ്ഞില്ല.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിനെ ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍കുമാര്‍ ഞെട്ടിച്ചു. മൂന്നാം പന്തില്‍ ലോകകപ്പിലെ ഹീറോ ആയ ഡാരില്‍ മിച്ചലിനെ(0) ഭുവി ക്ലീന്‍ ബൗള്‍ഡാക്കി. റണ്‍സ് വഴങ്ങുന്നതില്‍ ഭുവി പിശുക്ക് കാട്ടിയപ്പോള്‍ മറുവശത്ത് ദീപക് ചാഹര്‍ റണ്‍സേറെ വഴങ്ങിയത് ഇന്ത്യയുടെ പിടി അയച്ചു.
മിച്ചലിന് പിന്നാലെ ക്രീസില്‍ ഒരുമിച്ച മാര്‍ക്ക് ചാപ്മാനും ഗപ്റ്റിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്കോര്‍ 92-ല്‍ നില്‍ക്കേ ചാപ്മാന് അര്‍ധശതകം നേടി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്. 12.4 ഓവറില്‍ ന്യൂസീലന്‍ഡ് സ്കോര്‍ 100-ല്‍ എത്തി. പിന്നാലെ ഗപ്റ്റിലും ചാപ്മാനും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. 76 പന്തുകളില്‍ നിന്നാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്. സ്കോര്‍ 110-ല്‍ നില്‍ക്കേ രവിചന്ദ്ര അശ്വിന് ഈ കൂട്ടുകെട്ട് പൊളിച്ചു. 50 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത ചാപ്മാനെ അശ്വിന് ക്ലീന്‍ ബൗള്‍ഡാക്കി.
ഒരു ഘട്ടത്തില്‍ വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.
രാഹുല്‍ ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും രോഹിത് ശര്‍മ (Rohit Sharma) സ്ഥിരം ടി20 ക്യാപ്റ്റനുമായും എത്തുന്ന ആദ്യ മത്സരമാണിത്. യുവതാരം വെങ്കടേഷ് അയ്യര്‍ ഇന്ന് ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം നടത്തി. ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ന്യൂസിലന്‍ഡുമായുള്ള പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ ടി20 ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടുക എന്നത് കൂടി രോഹിത് ശര്‍മയുടെ മനസ്സിലുണ്ടാകും.
അതേസമയം, ഓസ്ട്രേലിയയുമായി ലോകകപ്പ് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നതിന്റെ നിരാശ മറികടക്കാനാകും കിവീസ് ലക്ഷ്യമിടുന്നത്. ടി20 പരമ്പരയില്‍ കിവീസിനെ നയിക്കുന്നത് ടിം സൗത്തിയാണ്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങുന്നതിന് പ്രാധാന്യം കൊടുത്ത് കൊണ്ട് കിവീസ് ക്യാപ്റ്റനായ കെയ്ന്‍ വില്യംസണ് ടി20 പരമ്പരയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് സൗത്തി കിവീസ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.