ഇന്ത്യക്കെതിരായ (IND vs SA) ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രക്കയ്ക്ക് 149 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് എടുത്തത്. 35 പന്തിൽ 40 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
അവസാന ഓവറുകളിൽ കാർത്തിക് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 21 പന്തുകളിൽ നിന്നും രണ്ട് വീതം ഫോറും സിക്സും സഹിതം 30 റൺസാണ് കാർത്തിക് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബൗളിങ്ങിൽ ആൻറിച്ച് നോർക്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
തുടരെ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അടിതെറ്റി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ റബാഡയ്ക്ക് വിക്കറ്റ് നൽകി ഋതുരാജ് ഗെയ്ക്വാദ് മടങ്ങുമ്പോൾ ഇന്ത്യയുടെ സ്കോർബോർഡിൽ കേവലം മൂന്ന് റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. നാല് പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമെടുത്ത ഗെയ്ക്വാദിനെ റബാഡ കേശവ് മഹാരാജിന്റെ കൈകളിൽ എത്തിച്ചു.
ഗെയ്ക്വാദ് മടങ്ങിയ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരെ സാക്ഷിയാക്കി കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്നുകൊണ്ട് ഇഷാൻ കിഷൻ റൺസ് കണ്ടെത്തി. അയ്യർക്കൊപ്പം രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഇഷാന്റെ പ്രകടനം പവർപ്ലേയിൽ ഇന്ത്യയുടെ റൺറേറ്റ് താഴാതെ കാത്തു. പവർപ്ലേ ഓവറുകളിൽ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ റൺസ് നേടാൻ കഴിഞ്ഞത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകി. എന്നാൽ ഏഴാം ഓവറിലെ നാലാം പന്തിൽ ഇഷാൻ കിഷനെ മടക്കി നോർക്യ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ത്രൂ നൽകി. 21 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 34 റൺസ് നേടിയ ഇഷാൻ കിഷൻ രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം 45 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
തുടർന്നെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്ത് (6) പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം താളം കണ്ടെത്തിയതോടെ ശ്രേയസ് അയ്യർ ഇന്ത്യയുടെ സ്കോർ മുന്നോട്ട് നീക്കി. ഇതിനിടെ ഹാർദിക് പാണ്ഡ്യയെ (9) വെയ്ൻ പാർണെൽ പുറത്താക്കി. അധികം വൈകാതെ അയ്യരെ മടക്കി (40) പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയ്ക്ക് മുൻതൂക്കം നൽകി. ഇതോടെ ഇന്ത്യ 98ന് 5 എന്ന നിലയിലായി. റൺ വിട്ടുനൽകാതെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ പിടിമുറുക്കിയതോടെ ബാക്കിയുള്ള ഓവറുകൾ മൊത്തം ബാറ്റ് ചെയ്ത് പൊരുതാവുന്ന സ്കോർ നേടുക എന്നതായി ഇന്ത്യയുടെ ലക്ഷ്യം.
അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കും ഹർഷൽ പട്ടേലും (9 പന്തിൽ 12) നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
ബൗളിങ്ങിൽ നോർക്യ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാലോവറിൽ കേവലം 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയുടെ പ്രകടനവും ശ്രദ്ധേയമായി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.