• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA | രണ്ടാം മത്സരത്തിലും ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

IND vs SA | രണ്ടാം മത്സരത്തിലും ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്, ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു

കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

  • Share this:
    ഇന്ത്യക്കെതിരായ (IND vs SA) ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ടോസ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവൂമ ആദ്യ മത്സരത്തിലെന്ന പോലെ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ക്വിന്റൺ ഡീ കോക്ക്, ടിർസ്റ്റൻ സ്റ്റബ്ബ്സ് എന്നിവർക്ക് പകരം റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ എന്നിവർ അന്തിമ ഇലവനിൽ ഇടം നേടി. പരിക്ക് മൂലമാണ് ഡീ കോക്കിന് മത്സരം നഷ്ടമാകുന്നത്.അതേസമയം, കോവിഡ് മുക്തനാകാത്ത മാർക്രത്തിന് ഇന്നത്തെ മത്സരവും നഷ്ടമായി.

    ഡീ കോക്ക് പുറത്തിരിക്കുന്നതിനാൽ ബവൂമയ്‌ക്കൊപ്പം ഹെൻഡ്രിക്സ് ആകും ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ക്ലാസൻ വിക്കറ്റ് കീപ്പറാകും.

    കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിൽ മിന്നിയെങ്കിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും നിറം മങ്ങിയതാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. ബൗളർമാർ നന്നായി തല്ലുവാങ്ങിയിരുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ അർഷ്ദീപ് സിങ്ങോ ഉമ്രാൻ മാലിക്കോ അന്തിമ ഇലവനിൽ ഇടം നേടിയേക്കുമെന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും മാറ്റങ്ങൾ വരുത്താൻ ടീം മാനേജ്‌മെന്റ് തയാറായില്ല.

    ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുറച്ചാകും ഇന്ത്യൻ സംഘം ഇന്നിറങ്ങുന്നത്. ഡൽഹിയിൽ 200ന് മുകളിൽ സ്കോർ ചെയ്തിട്ടും മത്സരം ജയിക്കാനാകാതെ പോയത് ബൗളർമാരുടെ പ്രകടനം മോശമായതിനാലാണ്. ബാറ്റർമാർ ഫോമിലാണെങ്കിലും ബൗളർമാരുടെ പ്രകടനമായിരിക്കും മത്സരഫലത്തിൽ പ്രതിഫലിക്കുക.

    അഞ്ച് മത്സര പരമ്പരയിൽ ആദ്യത്തെ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സമനിലയാക്കാനാകു൦ ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്.

    ഇന്ത്യ പ്ലെയിംഗ് ഇലവൻ: ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ആവേശ് ഖാൻ

    ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: തെംബ ബവൂമ (ക്യാപ്റ്റൻ), റീസ ഹെൻഡ്രിക്‌സ്, റാസി വാൻ ഡെർ ദസ്സൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ പ്രിട്ടോറിയസ്, വെയ്ൻ പാർനെൽ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കാഗിസോ റബാഡ, ആൻറിച്ച് നോർക്യ
    Published by:Naveen
    First published: