ഇന്ത്യ- ദക്ഷിണാഫ്രിക്ക (India vs South Africa) ഏകദിന പരമ്പരയിലെ (ODI series) ഒന്നാം മത്സരത്തില്‍ ടോസ്സ് നേടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് വമ്പന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 296 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ റാസവാന്‍ഡര്‍ ദസന്റെയും നായകന് തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
ദസന് 129 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ദസനും ചേര്‍ന്നാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും നാലാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്കോര്‍ 19-ല്‍ നില്‍ക്കേ ഓപ്പണര്‍ ജാനേമാന്‍ മലാനെ ആദ്യം നഷ്ടമായി. വെറും ആറ് റണ്‍സെടുത്ത മലാനെ ജസ്പ്രീത് ബുംറ riഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്വിന്റണ്‍ ഡികോക്കും നായകന് തെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 50 കടത്തി.
എന്നാല്‍ അധികം വൈകാതെ രവിചന്ദ്ര അശ്വിന് ബാവുമ-ഡി കോക്ക് കൂട്ടുകെട്ട് പൊളിച്ചു. 41 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത ഡി കോക്കിനെ അശ്വിന് ക്ലീന്‍ ബൗള്‍ഡാക്കി. ഡി കോക്കിന് പകരം ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം നിലയുറപ്പിക്കുംമുന്‍പേ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച മാര്‍ക്രത്തെ അരങ്ങേറ്റതാരം വെങ്കടേഷ് അയ്യര്‍ റണ്‍ ഔട്ടാക്കി. പിന്നീട് ക്രീസിലൊരുമിച്ച ബാവുമയും ദസനും ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.
കെ എല്‍ രാഹുലിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങിയത്. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കായി ഏകദിന ജേഴ്സിയില്‍ അരങ്ങേറ്റം നടത്തി. ഇതോടെ സൂര്യകുമാര്‍ യാദവ് പുറത്തായി. ശ്രേയസ് അയ്യരാണ് നാലാം നമ്പറില്‍. വെങ്കടേഷിനെ കൂടാതെ ഷാര്‍ദുല്‍ ഠാക്കൂറും ഓള്‍റൗണ്ടറായി ടീമിലെത്തി. ആര് അശ്വിന്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ സ്പിന്നര്‍മാരായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, യൂസ്വേന്ദ്ര ചഹല്‍.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ജന്നെമന്‍ മലാന്, എയ്ഡന്‍ മാര്‍ക്രം തെംബ ബവൂമ, റാസി വാന്‍ ഡര് ഡസ്സന്, ഡേവിഡ് മില്ലര്‍, ആന്‍ഡിനെ ഫെഹ്ലുക്വായോ, മാര്‍കോ ജാന്സണ്, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുംഗി എന്‍ഗിടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.