സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം തുടരുന്നതിനിടെ ഇന്ത്യക്ക് തിരിച്ചടി. മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ മുൻനിരയെ എറിഞ്ഞിട്ട ഇന്ത്യൻ സംഘത്തിന് സ്റ്റാർ ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് പറ്റിയ പരിക്കാണ് ആശങ്ക നൽകുന്നത്.
ബൗളിങ്ങിനിടെ കാല്‍ക്കുഴ തെറ്റിയ ബുംറ മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 11–ാം ഓവറിലെ 5–ാം പന്ത് എറിഞ്ഞതിന് ശേഷമുള്ള ഫോളോ ത്രൂവിലാണ് ബുംറയുടെ വലതു കാല്‍ക്കുഴ തിരിഞ്ഞത്. വേദനകൊണ്ട് പുളഞ്ഞ ബുംറ നിലത്തിരിക്കുകയും വൈദ്യസഹായം ലഭ്യമാക്കിയ ശേഷം താരം ടീം ഫിസിയോയ്‌ക്കൊപ്പം ഗ്രൗണ്ട് വിടുകയുമായിരുന്നു.
ബുംറയുടെ വലത് കാൽക്കുഴയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും മെഡിക്കൽ സംഘം താരത്തിന്റെ പരിക്കിന്റെ അവസ്ഥ വിലയിരുത്തുകയാണെന്നും താരത്തിന് പകരക്കാരനായി ശ്രേയസ് അയ്യർ ഫീൽഡിങ്ങിന് ഇറങ്ങിയെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. പേസർമാർക്ക് മികച്ച പിന്തുണ ലഭിക്കുന്ന സെഞ്ചൂറിയനിലെ പിച്ചിൽ ബുംറയ്ക്ക് തുടർന്ന് പന്തെറിയാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാകും.
Also read-
IND vs SA | 55 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടം; സെഞ്ചൂറിയനിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327ന് പുറത്ത്നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 327 റൺസിന് പുറത്തായിരുന്നു. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ ഇന്ത്യ ഞെട്ടിച്ചിരുന്നു. ഒന്നാം ഓവർ എറിയാനെത്തിയ ബുംറ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാറിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ത്രൂ നൽകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 5.5 ഓവർ എറിഞ്ഞ് വെറും 12 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ താരം കൂടുതൽ അപകടകാരിയാകുമെന്ന് കരുതിയിരിക്കെയാണ് പരിക്കേറ്റ് മടങ്ങിയത്.
അതേസമയം, ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തുടരുന്ന ദക്ഷിണാഫ്രിക്ക ചായയ്ക്ക് കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലാണ്. ഇന്ത്യൻ സ്കോറിനേക്കാൾ 218 റൺസ് പിന്നിലാണ് അവർ. ടെമ്പ ബാവുമ (31), വിയാൻ മൾഡർ (4) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ഷാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.