ഇന്ത്യയും ദക്ഷിണാഫ്രിക്കയും (IND vs SA) തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ മഴ രസംകൊല്ലിയാകുന്നു. നേരത്തെ മത്സരം ആരംഭിച്ചതിന് പിന്നാലെ മഴ എത്തിയിരുന്നു. ഇതുമൂലം അൽപം വൈകിയാണ് മത്സരം ആരംഭിച്ചത്.
നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നിൽക്കേ മഴ വീണ്ടും എത്തുകയായിരുന്നു. മഴ കനത്തതോടെ അമ്പയർമാർ മത്സരം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്വാദ് (10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലുങ്കി എൻഗിഡിയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ, തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്ത്യൻ ക്യാപ്റ്റൻ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ആദ്യത്തെ നാല് മത്സരങ്ങളിൽ ഇടത് കൈകൊണ്ട് ടോസ് എറിഞ്ഞ പന്ത് ഇക്കുറി വലത് കൈകൊണ്ട് ടോസ് ഇട്ടുനോക്കിയെങ്കിലും ഭാഗ്യദേവത ദക്ഷിണാഫ്രിക്കയ്ക്കൊപ്പം തന്നെ തുടരുകയായിരുന്നു.
പരിക്ക് മൂലം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം ക്യാപ്റ്റൻ തെംബാ ബവൂമ കളിക്കുന്നില്ല. ബവൂമയ്ക്ക് പകരം കേശവ് മഹാരാജ് ക്യാപ്റ്റൻ ആയതിന് പുറമെ മൂന്ന് മാറ്റങ്ങൾ അവർ പ്ലെയിങ് ഇലവനിൽ വരുത്തിയിട്ടുണ്ട്. ട്രിസ്റ്റൺ സ്റ്റബ്ബ്സ്, കാഗിസോ റബാഡ, റീസ ഹെൻഡ്രിക്സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. അതേസമയം മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. പരമ്പരയിലെ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരങ്ങൾ ദക്ഷിണാഫ്രിക്ക നേടിയപ്പോൾ പിന്നീടുള്ള രണ്ട് മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സമനിലയിൽ ആക്കുകയായിരുന്നു. ഇതോടെയാണ് അവസാന മത്സരം നിർണായകമായത്.
ഇന്ത്യയിൽ ഇതുവരെ ഒരു ടി20 പരമ്പര തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടാകുമ്പോൾ മറുവശത്ത് പരമ്പരയിൽ പുറകിൽ നിന്നും തിരിച്ചുവന്ന് നേടിയ അധികാരിക ജയങ്ങളാകും ഇന്ത്യക്ക് മുതൽക്കൂട്ട് ആവുക. മഴ മത്സരം മുടക്കിയാൽ ഇരു ടീമുകളും ജേതാക്കൾക്കുള്ള ട്രോഫി പങ്കിടും.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.