• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA | അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം, ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു; ജയിക്കുന്നവർക്ക് പരമ്പര

IND vs SA | അഞ്ചാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടം, ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു; ജയിക്കുന്നവർക്ക് പരമ്പര

ആദ്യത്തെ നാല് മത്സരങ്ങളിൽ ഇടത് കൈകൊണ്ട് ടോസ് എറിഞ്ഞ പന്ത് ഇക്കുറി വലത് കൈകൊണ്ട് ടോസ് ഇട്ടുനോക്കിയെങ്കിലും ഭാഗ്യദേവത ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തന്നെ തുടരുകയായിരുന്നു

Image: BCCI/Twitter

Image: BCCI/Twitter

  • Share this:
    ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിർണായകമായ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യൻ ക്യാപ്റ്റനായ ഋഷഭ് പന്തിന് ടോസ് നേടാൻ കഴിഞ്ഞില്ല. ആദ്യത്തെ നാല് മത്സരങ്ങളിൽ ഇടത് കൈകൊണ്ട് ടോസ് എറിഞ്ഞ പന്ത് ഇക്കുറി വലത് കൈകൊണ്ട് ടോസ് ഇട്ടുനോക്കിയെങ്കിലും ഭാഗ്യദേവത ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തന്നെ തുടരുകയായിരുന്നു.

    പരിക്ക് മൂലം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം ക്യാപ്റ്റൻ തെംബാ ബവൂമ കളിക്കുന്നില്ല. ബവൂമയ്‌ക്ക് പകരം കേശവ് മഹാരാജ് ക്യാപ്റ്റൻ ആയതിന് പുറമെ മൂന്ന് മാറ്റങ്ങൾ അവർ പ്ലെയിങ് ഇലവനിൽ വരുത്തിയിട്ടുണ്ട്. ടിർസ്റ്റൺ സ്റ്റബ്ബ്സ്, കാഗിസോ റബാഡ, റീസ ഹെൻഡ്രിക്സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. അതേസമയം മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.


    ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.പരമ്പരയിലെ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരങ്ങൾ ദക്ഷിണാഫ്രിക്ക നേടിയപ്പോൾ പിന്നീടുള്ള രണ്ട് മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സമനിലയിൽ ആക്കുകയായിരുന്നു. ഇതോടെയാണ് അവസാന മത്സരം നിർണായകമായത്.

    ഇന്ത്യയിൽ ഇതുവരെ ഒരു ടി20 പരമ്പര തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടാകുമ്പോൾ മറുവശത്ത് പരമ്പരയിൽ പുറകിൽ നിന്നും തിരിച്ചുവന്ന് നേടിയ അധികാരിക ജയങ്ങളാകും ഇന്ത്യക്ക് മുതൽക്കൂട്ട് ആവുക. മഴ മത്സരം മുടക്കിയാൽ ഇരു ടീമുകളും ജേതാക്കൾക്കുള്ള ട്രോഫി പങ്കിടും.
    Published by:Naveen
    First published: