നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • SA vs IND | ചരിത്രം തിരുത്തി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 113 റണ്‍സിന് തകര്‍ത്ത് സെഞ്ചൂറിയനില്‍ വിജയക്കൊടി നാട്ടി

    SA vs IND | ചരിത്രം തിരുത്തി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 113 റണ്‍സിന് തകര്‍ത്ത് സെഞ്ചൂറിയനില്‍ വിജയക്കൊടി നാട്ടി

    സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

    • Share this:
      ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ(South Africa) ടെസ്റ്റ് പരമ്പരയിലെ(test series) ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക്(Team India) തകര്‍പ്പന്‍ ജയം. 113 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തകര്‍ത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അതിഥേയര്‍ 191 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ, ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

      അഞ്ചാം ദിനം 94ന് നാലെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 97 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റും നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് 36 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച് കളിച്ച ഓപ്പണര്‍ ഡീന്‍ എല്‍ഗറെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. 156 പന്തില്‍ 77 റണ്‍സായിരുന്നു എല്‍ഗറുടെ സമ്പാദ്യം.

      പിന്നാലെ 21 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. അടുത്തത് വിയാന്‍ മള്‍ഡറുടെ ഊഴമായിരുന്നു. മൂന്നു പന്ത് നേരിട്ട് ഒരു റണ്ണെടുത്ത വിയാനെ മുഹമ്മദ് ഷമി, ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.

      ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴിന് 182 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. ഉച്ചഭക്ഷണത്തിന് ശേഷം 9 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി മൂന്ന് വിക്കറ്റും ഇന്ത്യ വീഴ്ത്തി. ബാവുമ 35* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സെഞ്ചൂറിയനിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

      നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 305 റണ്‍സായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാദയും മാര്‍ക്കോ യാന്‍സനുമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ 174-ല്‍ ഒതുക്കിയത്. എന്‍ഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.

      34 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തില്‍ പത്തു റണ്‍സായിരുന്നു ശാര്‍ദുലിന്റെ സമ്പാദ്യം.

      അധികം വൈകാതെ 74 പന്തില്‍ 23 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ലുങ്കി എന്‍ഗിഡി പുറത്താക്കി. സ്‌കോര്‍ 79-ല്‍ എത്തിയപ്പോള്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും മടങ്ങി. 64 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും എന്‍ഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങി. പിന്നാലെ ആര്‍. അശ്വിന്‍ (14), മുഹമ്മദ് ഷമി (1), സിറാജ് (9) എന്നിവരെ പെട്ടെന്ന് മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു മായങ്കിന്റെ സമ്പാദ്യം.

      കെ എല്‍ രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യക്ക് കൂറ്റന്‍ ലീഡും സമ്മാനിച്ചു.
      Published by:Sarath Mohanan
      First published:
      )}