നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA | ഒമിക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചേക്കും

  IND vs SA | ഒമിക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ഒരാഴ്ചത്തേക്ക് വൈകിപ്പിച്ചേക്കും

  മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമടക്കം ഒരു മാസത്തിലധികം നീളുന്ന പരമ്പരയ്ക്കായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം.

  Image: Twitter

  Image: Twitter

  • Share this:
   ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India's Tour of South Africa) ഒരാഴ്ച വൈകി തുടങ്ങാൻ ധാരണയായതായി റിപ്പോർട്ട്. കോവിഡിന്റെ (Covid) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ ഡിസംബറിൽ നിശ്ചയിച്ചിരുന്ന പര്യടനത്തിന്റെ ഭാവി അനിശ്ചിത്വത്തിൽ ആയിരുന്നു. എന്നാൽ പര്യടനം റദ്ദാക്കില്ലെന്നും മുന്നോട്ട് തന്നെ പോകാനാണ് തീരുമാനം എന്നും ബിസിസിഐ (BCCI) പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പര്യടനം നിശ്ചിയിച്ചതിൽ നിന്നും ഒരാഴ്ച വൈകി തുടങ്ങിയേക്കുമെന്നുള്ള വാർത്ത വരുന്നത്.

   ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബർ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇതിൽ ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (World Test Championship) ഭാഗമായി നടക്കുന്നവയായതിനാൽ ഈ മൂന്ന് ടെസ്റ്റുകളും ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായക മത്സരങ്ങളാണ്.

   നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ എ ടീമിനെ പരമ്പര പാതിയിൽ റദ്ദാക്കി മടക്കി വിളിക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടില്ലെങ്കിലും സീനിയര്‍ ടീമിന്റെ പര്യടനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലേക്ക് ഈ മാസം എട്ടിന് തിരിക്കാൻ പദ്ധതിയിട്ടിരുന്നത് വൈകിപ്പിക്കാനാണ് തീരുമാനം.   ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്ന ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് കൂടിയാണ് പരമ്പര വൈകിപ്പിക്കാനുള്ള തീരുമാനം ബിസിസിഐ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് വിവരം.

   ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ വൈകുന്നതും പരമ്പര വൈകിയേ തുടങ്ങൂ എന്ന സൂചനയാണ് നൽകുന്നത്. നേരത്തെ ഇന്ത്യ ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തിൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി ബിസിസിഐ നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും ടീം പ്രഖ്യാപനം.

   Also read- IND vs SA |ഒമിക്രോണ്‍ ഭീഷണി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി

   പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ (Lockdown) നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ (Covid Cases) എണ്ണത്തില്‍ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കിൽ പത്തിരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.
   Published by:Naveen
   First published: