കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തത് മൂലം ഭീഷണിയിലായ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India's tour to South Africa) ഡിസംബർ അവസാനത്തേക്ക് നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 26 നാണ് പരമ്പര ആരംഭിക്കുക. ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചപ്പോൾ ടി20 മത്സരങ്ങളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ (BCCI AGM) വെച്ചാണ് തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബർ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇതിൽ ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (World Test Championship) ഭാഗമായി നടക്കുന്നവയായതിനാൽ ഈ മൂന്ന് ടെസ്റ്റുകളും ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായക മത്സരങ്ങളാണ്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒമ്പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പരമ്പര നീട്ടിയ സാഹചര്യത്തില്‍ യാത്ര വൈകിയേക്കും. ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബോക്‌സിംഗ് ഡേ റെസ്റ്റുകൾക്ക് പരമ്പരാഗതമായി വേദിയാകുന്നത് ഡര്‍ബനാണ്. എന്നാല്‍ ഇത്തവണ വേദി സെഞ്ചൂറിയനിലേക്ക് മാറ്റിയേക്കും. സെഞ്ചൂറിയന് പുറമെ, വാന്‍ഡറേഴ്‌സ്, കേപ്ടൗണ്‍, പാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഒമിക്രോൺ ഭീതി നിലനിൽക്കുന്നതിനിടയിലും ദക്ഷിണാഫ്രിക്കയിൽ അവരുടെ എ ടീമുമായി മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. നേരത്തെ, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക നീട്ടിവച്ചിരുന്നു.
ഒമിക്രോണ്‍ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും ദക്ഷിണാഫ്രിക്ക കൈക്കൊള്ളുമെന്ന് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ഇരു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ വിശദമായ ചർച്ചയും നടത്തിയിരുന്നു.
പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ (Lockdown) നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ (Covid Cases) എണ്ണത്തില്‍ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കിൽ പത്തിരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.