• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA |ഇഷാന്‍ കിഷന്‍ (54), ഗെയ്ക്വാദ് (57); ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് വിജയലക്ഷ്യം

IND vs SA |ഇഷാന്‍ കിഷന്‍ (54), ഗെയ്ക്വാദ് (57); ദക്ഷിണാഫ്രിക്കയ്ക്ക് 180 റണ്‍സ് വിജയലക്ഷ്യം

ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു.

  • Share this:
    ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 57 റണ്‍സ് നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ 35 പന്തില്‍ 54 റണ്‍സ് നേടി.

    ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു. കിഷനും ഗെയ്ക്വാദും ചേര്‍ന്ന് 97 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. റുതുരാജിനെ പുറത്താക്കി കേശവ് മഹാരാജ് ആണ് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. ശ്രേയസ്സ് അയ്യര്‍(14), ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് ഇന്ത്യയുടെ താളം തെറ്റിച്ചു.

    ഹാര്‍ദ്ദിക് പാണ്ഡ്യ 21 പന്തില്‍ നേടിയ 31 റണ്‍സാണ് ഇന്ത്യയെ 179 റണ്‍സിലേക്ക് എത്തുവാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസ് 2 വിക്കറ്റ് നേടി.

    തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായി. വിശാഖപട്ടണത്തെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് 80% മത്സരങ്ങളിലും ജയിച്ചിട്ടുള്ളത്.

    ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അക്‌സര്‍ പട്ടേലിന് പകരം രവി ബിഷ്‌ണോയി ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നുമില്ല. രണ്ടാം മത്സരം കളിച്ച ടീമില്‍ ദക്ഷിണാഫ്രിക്കയും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

    ഇന്നുകൂടി തോറ്റാല്‍ അഞ്ച് മത്സര പരമ്പര ഇന്ത്യക്ക് നഷ്ടമാവും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 2-0ന് മുന്നിലാണ്. ഇന്ന് തോറ്റാല്‍ നാട്ടില്‍ തുടര്‍ച്ചയായി വിവിധ പോര്‍മാറ്റുകളില്‍ 16 പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡും ഇന്ത്യക്ക് നഷ്ടമാവും.
    Published by:Sarath Mohanan
    First published: