ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് (South Africa) എതിരായ ഒന്നാം ടി20യില്‍ റെക്കോർഡ് സ്കോറുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് സ്വന്തമാക്കി. ഐപിഎലിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇഷാൻ കിഷൻ വിശ്വരൂപം കാട്ടി. 48 പന്തുകള്‍ നേരിട്ട് ഇഷാന് 11 ഫോറുകളും മൂന്ന് സിക്സും സഹിതം 76 റണ്‍സെടുത്തു.
ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2018ൽ ജൊഹാനാസ്ബർഗിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 203 റൺസിന്റെ റെക്കോർഡാണ് തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 211 റൺസെടുത്തത്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് (15 പന്തിൽ 3 സിക്സുകൾ സഹിതം 23), ശ്രേയസ് അയ്യർ (27 പന്തിൽ ഒരു ഫോറും 3 സിക്സും സഹിതം 36), ഋഷഭ് പന്ത് (16 പന്തിൽ 2 വീതം സിക്സും ഫോറും സഹിതം 29), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 2 ഫോറും 3 സിക്സും സഹിതം പുറത്താകാതെ 31) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാർത്തിക് രണ്ടു പന്തിൽ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ട്വന്റി20 കളിക്കാനിറങ്ങിയ വെയ്ൻ പാർണൽ നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഡ്വെയിൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, ആൻറിച് നോർട്യ എന്നിവരും ഓരോ വിക്കറ്റ് വീഴ്ത്തി.
രാജ്യാന്തര ട്വന്റി20യിൽ രണ്ടു പുറത്താകലുകൾക്കിടയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിൽ ഇന്ത്യയുടെ ശ്രേയസ് അയ്യർ ഓസീസ് താരം ആരോൺ ഫിഞ്ചിനൊപ്പമെത്തി. ഇരുവരും രണ്ട് പുറത്താകലുകൾക്കിടയിൽ അടിച്ചുകൂട്ടിയത് 240 റൺസാണ്. ഫിഞ്ച് രണ്ടു മത്സരങ്ങളിൽനിന്നും 240 റണ്‍സ് നേടിയപ്പോൾ, ഇന്നത്തെ മത്സരം ഉൾപ്പെടെ നാല് ഇന്നിങ്സുകളിൽനിന്നാണ് അയ്യർ 240 റൺസെടുത്തത്.
നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കെ എൽ രാഹുലിനു പരുക്കേറ്റതിനെ തുടർന്ന് ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് എയ്ഡൻ മർക്രം ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കൻ നിരയിൽ ട്രിസ്റ്റൺ സ്റ്റബ്സ് ഇന്ന് അരങ്ങേറ്റം കുറിച്ചു.
ഇന്ത്യ: ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, യുസ്വേന്ദ്ര ചെഹൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.