• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA | 55 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടം; സെഞ്ചൂറിയനിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327ന് പുറത്ത്

IND vs SA | 55 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടം; സെഞ്ചൂറിയനിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327ന് പുറത്ത്

ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

Image: Cricbuzz, Twitter

Image: Cricbuzz, Twitter

  • Last Updated :
  • Share this:
    സെഞ്ചൂറിയൻ ടെസ്റ്റിന്റെ (Centurion Test) ഒന്നാം ഇന്നിങ്സിൽ ഇന്ത്യ (India) 327 റൺസിന് പുറത്ത്. ഒന്നാം ദിനത്തിൽ ഇന്ത്യയുടെ കയ്യിലായിരുന്ന മത്സരം മഴ കളിയെടുത്ത രണ്ടാം ദിനത്തിന് ശേഷം മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോൾ കളിയുടെ നിയന്ത്രണം ദക്ഷിണാഫ്രിക്ക ഏറ്റെടുക്കുന്നതാണ് കണ്ടത്.

    മൂന്നിന് 272 റൺസ് എന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് കൂട്ടത്തകർച്ചയാണ് നേരിടേണ്ടി വന്നത്. ലുംഗി എന്‍ഗിഡി (Lungi Ngidi) ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ കേവലം 55 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. എന്‍ഗിഡി പിന്തുണ നൽകിക്കൊണ്ട് റബാഡ (Kagiso Rabada) മൂന്ന് വിക്കറ്റ് വീഴ്ത്തി. 123 റൺസ് നേടിയ കെ എൽ രാഹുലാണ് (K L Rahul) ഇന്ത്യയുടെ ടോപ് സ്‌കോറർ.


    മൂന്നാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. തലേന്നത്തെ സ്കോറിലേക്ക് ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും രാഹുലിനെ മടക്കി റബാഡയാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. റബാഡയുടെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. 16 ഫോറും ഒരു സിക്‌സും അടക്കം 123 റൺസ് നേടിയാണ് രാഹുൽ പുറത്തായത്. പിന്നാലെ രഹാനെയും മടങ്ങി. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കെ എന്‍ഗിഡിക്കെതിരെ അപ്പര്‍ കട്ടിന് ശ്രമിക്കവെയാണ് രഹാനെ പുറത്തായത്. താരത്തിന്റെ ബാറ്റില്‍ ഉരസിയ പന്ത് ഡി കോക്കിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

    പിന്നാലെ ഇന്ത്യൻ താരങ്ങളുടെ ഡ്രസിങ് റൂമിലേക്കുള്ള ഘോഷയാത്രയായിരുന്നു. ഋഷഭ് പന്തും (8) അശ്വിനും (4) ഷാർദുലുമെല്ലാം (4) വന്ന പോലെ തന്നെ മടങ്ങിയതോടെ കൂറ്റൻ സ്കോർ സ്വപ്നം കണ്ട ഇന്ത്യൻ ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നു. മുഹമ്മദ് സിറാജ് നാല് റൺസോടെ പുറത്താകാതെ നിന്നു.

    Also read- IND vs SA |രാഹുലിന് സെഞ്ച്വറി(122*), ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ദിനം കരുത്തരായി ഇന്ത്യ

    മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എടുത്തിട്ടുണ്ട്. ഏയ്ഡൻ മാർക്രം (9), കീഗൻ പീറ്റേഴ്‌സൺ (5) എന്നിവരാണ് ക്രീസിൽ. ഒരു റൺ എടുത്ത ഡീൻ എൽഗാറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ബുംറയ്ക്കാണ് വിക്കറ്റ്.
    Published by:Naveen
    First published: