ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (India Tour of South Africa) രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്ഥിരം നായകന് വിരാട് കോഹ്ലിക്ക് (Virat Kohli) പകരം കെ എല്‍ രാഹുലാണ് (KL Rahul) ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. പുറത്തിനേറ്റ പരുക്കു മൂലമാണ് ഇന്ത്യന്‍ നായകന് പുറത്തായത്.
വിരാട് കോഹ്ലിക്കു പകരം ഹനുമ വിഹാരി ഇന്ത്യന്‍ നിരയില്‍ ഇടം പിടിച്ചു. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളില്ല. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റന്‍ ഡികോക്കിനു പകരം കൈല്‍ വെരെയ്നും വിയാന്‍ മുള്ഡറിനു പകരം ഡ്യുവാന്‍ ഒലിവിയറും ടീമില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ സംഘം പരമ്പര ലക്ഷ്യമിട്ടെത്തുന്നത് ഇതുവരെ തോല്‍ക്കാത്ത വാണ്ടറേഴ്സ് മൈതാനത്തേക്കാണ്. നാട്ടില്‍ ഈഡന് ഗാര്‍ഡന്‍സിലും വാങ്കഡെയിലുമൊക്കെ കളിക്കുന്നതിന്റെ ആവേശമാണ് ഈ ഗ്രൗണ്ടിലെ മത്സര ചരിത്രം ടീം ഇന്ത്യയ്ക്കു നല്‍കുന്നത്. ആകെ കളിച്ച 5 ടെസ്റ്റുകളില്‍ 2 ജയം, 3 സമനില.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. സെഞ്ചൂറിയനില്‍ ചരിത്രത്തിലാദ്യമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്. കെ എല്‍ രാഹുലിന്റെ സെഞ്ചുറിക്കരുത്തിനൊപ്പം (123 റണ്‍സ്) ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരുടെ പേസ് മൂര്‍ച്ചയും ഇന്ത്യക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.
വാണ്ടറേഴ്സില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര കൈവശമാകും. 1992/93 സീസണ് മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്റെ തോല്‍വി നേരിട്ടിരുന്നു.
ടീം ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രം, കീഗന്‍ പീറ്റേഴ്സന്, റാസ്സി വാന്‍ഡര്‍ ദസ്സന്, തെംബ ബാവുമ, കൈല്‍ വെരെയ്ന്‍, മാര്‍ക്കോ ജെന്സന്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഡ്യുവാന്‍ ഒലിവിയര്‍
ടീം ഇന്ത്യ: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.