ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും കോഹ്ലി പിന്മാറുമെന്ന് അറിയിച്ചതായുള്ള റിപ്പോർട്ടുകൾ തള്ളി ബിസിസിഐ. പരമ്പരയിൽ നിന്നും പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ട് യാതൊരു അപേക്ഷയും കോഹ്‌ലിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി. ഇതോടെ പരമ്പരയില്‍ നിന്നും കോഹ്‌ലിയുടെ പിന്മാറ്റത്തെ ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
.
നേരത്തെ, പരിശീലനത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് രോഹിത് ശർമ ടെസ്റ്റ് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്ലി ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടെസ്റ്റിൽ കോഹ്‌ലിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ഏകദിനത്തിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് കീഴിൽ കന്നി പരമ്പരയ്ക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ക്യാപ്റ്റൻസി വിവാദം കത്തിനിൽക്കേ കോഹ്ലി ക്യാപ്റ്റനായ ഫോർമാറ്റിൽ രോഹിത്തിന്റെയും രോഹിത് ക്യാപ്റ്റനായ ഫോർമാറ്റിൽ കോഹ്ലിയുടെയും പിന്മാറ്റം വീണ്ടും വിവാദങ്ങൾക്ക് കാരണമാവുകയായിരുന്നു
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനു വേണ്ടിയാണ് കോഹ്ലി ഏകദിന പരമ്പരയില്‍ നിന്നും മാറിനില്‍ക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തള്ളി ബിസിസിഐ രംഗത്തെത്തിയതോടെ പുതിയ വിവാദങ്ങൾക്കും അവസാനമായിരിക്കുകയാണ്.
Also read- IND vs SA |പരിശീലനത്തിനിടെ രോഹിത്തിന് പരിക്ക്; ടെസ്റ്റ് പരമ്പരയ്ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ചു
'ഈ സമയം വരെ ഏകദിന പരമ്പരയില്‍ നിന്നും ബ്രേക്ക് വേണമെന്നാവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കോ, സെക്രട്ടറി ജയ് ഷായ്‌ക്കോ കോഹ്ലി ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടില്ല. പിന്നീട് ദൈവനിശ്ചയം കൊണ്ട് എന്തെങ്കിലും തടസ്സം സംഭിവിക്കുകയാണെങ്കിലോ പരിക്കേൽക്കുകയോ ചെയ്താൽ അത് വ്യത്യസ്തമായ കാര്യമാണ്, നിലവിൽ ഇത്തരം അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ല' - ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു.
നിലവിലെ സ്ഥിതിയിൽ ജനുവരി 19, 21, 23 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകളില്‍ ഇന്ത്യക്കു വേണ്ടി വിരാട് കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും കുടുംബസമേതമാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ബയോ ബബ്ള്‍ നിയന്ത്രണങ്ങള്‍ കാരണം എല്ലാവരും ഒരേ ചാര്‍ട്ടേഡ് വിമാനത്തില്‍ തന്നെയായിരിക്കും യാത്ര തിരിക്കുക. കോഹ്‌ലിയും തന്റെ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നത്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ബയോ ബബിളിൽ തുടരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ, ബ്രേക്ക് ആവശ്യമാണെന്നു തോന്നിയാല്‍ അദ്ദേഹം തീര്‍ച്ചയായും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെയും സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷായെയും ഈ വിവരം അറിയിക്കുന്നതായിരിക്കും.' ബിസിസിഐ വക്താവ് പറഞ്ഞു.
വാമികയുടെ ജന്മദിനം ജനുവരി 11ന്
2022 ജനുവരി 11നാണ് കോഹ്‌ലിയുടെ മകള്‍ വാമികയുടെ ഒന്നാം പിറന്നാള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കുഞ്ഞു വാമികയുടെ പിറന്നാൾ. ഇതേ ദിവസം കോഹ്ലി ടെസ്റ്റിൽ തന്റെ നൂറാമത്തെ മത്സരം കളിക്കാൻ ഒരുങ്ങുകയാണ്. ജനുവരി 19നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ന്യൂസിലാന്‍ഡിനെതിരെ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും ബിസിസിഐ കോഹ്‌ലിക്ക് വിശ്രമം നല്‍കിയിരുന്നു. മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിച്ചായിരുന്നു അദ്ദേഹം മടങ്ങിവന്നത്.
പ്രസവത്തിനും അവധി എടുത്തിരുന്നു
കഴിഞ്ഞ വര്‍ഷമവസാനം ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഹ്ലി ടീമില്‍ നിന്നും ചെറിയ ബ്രേക്കെടുത്തിരുന്നു. ഡിസംബര്‍ - ജനുവരി മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. ഓസീസിനെതിരെ ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ച ശേഷം അദ്ദേഹം ഭാര്യക്കൊപ്പം ചേരാന്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു.
അതേസമയം, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് എത്തുമ്പോൾ വൈസ് ക്യാപ്റ്റനായി കെ എൽ രാഹുലാകും സ്ഥാനമേൽക്കുക എന്നാണ് സൂചനകൾ. സീനിയർ താരം ശിഖർ ധവാന് അവസരം കൊടുക്കാൻ ആലോചിക്കുന്ന ബിസിസിഐ ഒപ്പം തന്നെ വിജയ് ഹസാരെയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങൾക്കും അവസരം നൽകിയേക്കുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BCCI, India vs South Africa, Indian cricket team, Virat kohli