നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL|മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജുവിനൊപ്പം നാല് ഇന്ത്യൻ താരങ്ങൾക്ക് കൂടി അരങ്ങേറ്റം

  IND vs SL|മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജുവിനൊപ്പം നാല് ഇന്ത്യൻ താരങ്ങൾക്ക് കൂടി അരങ്ങേറ്റം

  2015ൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചത്.

  sanju samson

  sanju samson

  • Share this:
   ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തെയും ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരത്തിൽ ടീമിലിടം നേടിയ മലയാളി താരമായ സഞ്ജു സാംസൺ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. 2015ൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചത്.

   സഞ്ജുവിന് പുറമെ നാല് താരങ്ങൾ കൂടി ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. നിതീഷ് റാണ, ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ. ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അതിനാലാണ് യുവതാരങ്ങൾക്ക് അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തയ്യാറായത്. അതേസമയം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മറുനാടൻ മലയാളിയായ ദേവ്ദത്ത് പടിക്കലിനും ഋതുരാജ് ഗെയ്ക്വാദിനും അവസരം ലഭിച്ചില്ല.

   ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ടീമിന്റെ ക്യാപ്റ്റനായി അരങ്ങേറിയ ശിഖർ ധവാനും പരിശീലകനായി അരങ്ങേറിയ ദ്രാവിഡും പരമ്പര തൂത്തുവാരി അരങ്ങേറ്റം ആഘോഷമാക്കാൻ തന്നെയാകും ലക്ഷ്യമിടുന്നുണ്ടാവുക. അതേസമയം, അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തി ആശ്വാസ ജയം നേടാനാകും ശ്രീലങ്ക ലക്ഷ്യമിടുന്നുണ്ടാവുക.

   പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ അനായാസ വിജയം നേടിയ ഇന്ത്യ കഴിഞ്ഞ ഏകദിനത്തിൽ ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് തോൽവിയുടെ വക്കിൽ നിന്നും കരകയറിയത്. ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ മുൻനിര താരങ്ങൾ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയുടെ തകർച്ചക്ക് കാരണമായത്. പിന്നീടാണ് ദീപക് ചാഹറിന്റെ തകർപ്പൻ പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. രണ്ട് മത്സരത്തിലും ഇന്ത്യൻ ബൗളർമാർ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തെങ്കിലും ഡെത്ത് ഓവറുകളിൽ റൺ നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഇത് മുതലെടുത്താണ് ശ്രീലങ്ക രണ്ട് ഏകദിനത്തിലും മികച്ച സ്കോർ നേടിയത്.

   മറുവശത്ത് ശ്രീലങ്കൻ നിരയിൽ ബാറ്റിംഗ് നിര മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും വലിയ സ്കോർ നേടുന്നതിലേക്ക് അവരെ നയിക്കാൻ ആർക്കും കഴിയുന്നില്ല. നല്ല രീതിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ എതിർ ടീമിന് വിക്കറ്റ് സമ്മാനിച്ച് കൊണ്ട് മടങ്ങുന്ന കാഴ്ചയാണ് രണ്ട് മത്സരത്തിലും കാണാൻ കഴിഞ്ഞത്. ബൗളിംഗ് നിരയുടെ കാര്യമെടുത്താൽ ആദ്യ ഏകദിനത്തിലെ പ്രകടനം അപേക്ഷിച്ച് രണ്ടാം ഏകദിനത്തിൽ ലങ്കൻ ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ആദ്യം പുറത്തെടുത്ത വീര്യം അവർക്ക് പിന്നീട് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫലത്തിൽ കയ്യിലിരുന്ന മത്സരം അവർ ഇന്ത്യൻ ടീമിന് മുന്നിൽ അടിയറവ് വക്കുകയും ചെയ്തു.

   പരമ്പര ഇന്ത്യ നേടിയെങ്കിലും ജയം ലക്ഷ്യം വെച്ച് തന്നെയാകും ഇരു ടീമുകളും ഇറങ്ങുക എന്നതിനാൽ ഒരു ആവേശപ്പോരാട്ടത്തിന് തന്നെ കളമൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം.
   Published by:Naveen
   First published: