ഇന്റർഫേസ് /വാർത്ത /Sports / IND vs SL|ഇന്ത്യക്ക് ഫുൾ മാർക്ക് ഇല്ല; മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആശ്വാസ ജയം

IND vs SL|ഇന്ത്യക്ക് ഫുൾ മാർക്ക് ഇല്ല; മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആശ്വാസ ജയം

Credits: Twitter| ICC

Credits: Twitter| ICC

അവിഷ്ക ഫെർണാണ്ടോയുടെയും (98 പന്തിൽ 76) ഭനുക രാജ്പക്സെയുടെയും (56 പന്തിൽ 65) തകർപ്പൻ അർധസെഞ്ചുറികളുടെ ബലത്തിലാണ് ലങ്ക വിജയം നേടിയത്

  • Share this:

അങ്ങനെ കാത്തുകാത്തിരുന്ന ജയം ശ്രീലങ്ക സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ അവർ ഇന്ത്യക്ക് മേൽ ഉയിർത്തെഴുന്നേറ്റു. ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആശ്വാസ ജയം. അവിഷ്ക ഫെർണാണ്ടോയുടെയും (98 പന്തിൽ 76) ഭനുക രാജ്പക്സെയുടെയും (56 പന്തിൽ 65) തകർപ്പൻ അർധസെഞ്ചുറികളുടെ ബലത്തിലാണ് ലങ്ക വിജയം നേടിയത്. ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഫെർണാണ്ടോയാണ് മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിൽ 124 റൺസ് നേടിയ ഇന്ത്യയുടെ സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദി സീരീസ്.

മത്സരം ജയിച്ചതോടെ ഇന്ത്യൻ 'ബി' ടീമിനോട് പരമ്പര മൊത്തത്തിൽ അടിയറവ് വെക്കുന്നതിൽ നിന്നും രക്ഷപെടാൻ അവർക്കായി. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ആശ്വാസ ജയം തേടിയാണ് ശ്രീലങ്ക ഈ മത്സരത്തിനിറങ്ങിയത്. ലങ്ക മത്സരം ജയിച്ചതോടെ ക്യാപ്റ്റൻ എന്ന നിലയിൽ ധവാനും പരിശീലകൻ എന്ന നിലയിൽ ദ്രാവിഡിനും അരങ്ങേറ്റ പരമ്പര തൂത്തുവാരാൻ കഴിഞ്ഞില്ല എന്ന നിരാശയുണ്ടാകും.

226 റൺസ് വിജയലക്ഷ്യം വെച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഇന്ത്യൻ ബൗളർമാരെ കരുതലോടെയാണ് ലങ്കൻ ഓപ്പണർമാർ നേരിട്ടത്. ആദ്യ വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് ഓപ്പണിങ് സഖ്യം വേർപിരിഞ്ഞത്. 17 പന്തിൽ ഏഴ് റൺസെടുത്ത മിനോദ് ഭനുകയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച യുവതാരമായ കൃഷ്ണപ്പ ഗൗതമാണ് ലങ്കയുടെ ആദ്യ വിക്കറ്റ് നേടിയത്.

നേരത്തെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്കൻ ബാറ്റ്സ്മാൻമാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഇന്ത്യയുടെ പുതുമുഖ ബൗളിംഗ് നിരയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ റൺസ് നേടാൻ ബുദ്ധിമുട്ടിയ പിച്ചിൽ ഇന്ത്യൻ ബൗളർമാരെ വളരെ അനായാസമായാണ് ലങ്കൻ ബാറ്റ്‌സ്മാന്മാരായ അവിഷ്ക ഫെർണാണ്ടോയും ഭനുക രാജ്പക്സെയും നേരിട്ടത്. മികച്ച രീതിയിൽ മുന്നേറിയ ഇവർ രണ്ടാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ട് തീർത്തതിന് ശേഷമാണ് പിരിഞ്ഞത്. 56 പന്തിൽ 65 റൺസ് നേടിയ രാജ്പക്‌സെയെ ചേതൻ സക്കറിയ കൃഷ്ണപ്പ ഗൗതമിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തൊട്ടുമുൻപത്തെ പന്തിൽ നിതീഷ് റാണ രാജ്പക്സെയുടെ ക്യാച്ച് കൈവിട്ടെങ്കിലും അത് മുതലെടുക്കാൻ താരത്തിന് കഴിഞ്ഞില്ല.

രാജ്പക്സെയ്ക്ക് പിന്നാലെ ധനഞ്ജയ ഡി സിൽവയുടെ വിക്കറ്റ് സ്വന്തമാക്കി ചേതൻ സക്കറിയ ഇന്ത്യയെ മത്സരത്തിൽ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മറുവശത്ത് മികച്ച ഫോമിൽ കളിക്കുകയായിരുന്ന അവിഷ്ക ഫെർണാണ്ടോ അസലങ്കക്കൊപ്പം നാലാം വിക്കറ്റിൽ 43 റൺസ് കൂട്ടുകെട്ടുണ്ടാക്കി ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അസലങ്കയെ ഹാർദിക് പാണ്ട്യയും പിന്നാലെ വന്ന ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി രാഹുൽ ചാഹറും മത്സരം ഇന്ത്യയുടെ വഴിക്ക് തിരിക്കാൻ നോക്കിയെങ്കിലും സ്കോർബോർഡിൽ പ്രതിരോധിക്കാൻ അധികം റൺസ് ഇല്ലാതിരുന്നത് ഇന്ത്യക്ക് വിനയായി. ആറാം വിക്കറ്റിൽ രമേഷ് മെൻഡിസിനെ കൂട്ടുപിടിച്ച് അവിഷ്ക ഫെർണാണ്ടോ ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചതിന് ശേഷമാണ് ഫെർണാണ്ടോ മടങ്ങിയത്. രാഹുൽ ചാഹറിന്റെ പന്തിൽ സ്ലിപ്പിൽ പൃഥ്വി ഷായ്ക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. 98 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 76 റൺസാണ് താരം നേടിയത്.

ഫെർണാണ്ടോ പുറത്തായതിന് ശേഷം പ്രതിരോധത്തിലായ ലങ്കൻ നിരയുടെ മേൽ വീണ്ടും സമ്മർദ്ദം കൂട്ടിക്കൊണ്ട് രാഹുൽ ചഹാർ കരുണരത്‌നയെ പുറത്താക്കി. ചാഹറിന്റെ പന്തിൽ കയറി കളിച്ച താരത്തെ സഞ്ജു സ്റ്റമ്പ് ചെയ്യുകയായിരുന്നു. ശ്രീലങ്ക പടിക്കൽ കലമുടക്കമോ എന്ന് എല്ലാവരും ചിന്തിക്കാൻ തുടങ്ങി എന്നാൽ രമേഷ് മെൻഡിസും അകില ധനഞ്ജയയും കൂടി ചേർന്ന് ലങ്കയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്കായി ബൗളിങ്ങിൽ രാഹുൽ ചാഹർ മൂന്നും ചെതൻ സക്കറിയ രണ്ട്‌ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ കഴിയാതെ പോവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 118 ന് മൂന്ന് എന്ന നിലയിൽ നിന്നുമാണ് അവർ 225 റൺസ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായത്. 49 റൺസ് നേടിയ പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പൃഥ്വി ഷായ്‌ക്കൊപ്പം അരങ്ങേറ്റ മത്സരം കളിച്ച സഞ്ജുവും (46) മധ്യനിരയിൽ സൂര്യകുമാർ യാദവിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞത്. ശ്രീലങ്കക്കായി പ്രവീണ്‍ ജയവിക്രമയും അഖില ധനഞ്ജയയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

First published:

Tags: India-Srilanka, Odi