ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (India vs West Indies) ടി20 പരമ്പരയിലെ (T20 series) രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യക്ക് വമ്പന്‍ സ്കോര്‍. ടോസ്സ് നഷ്ടപ്പെട്ട് ബാറ്റിഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
റിഷഭ് പന്ത് വെറും 28 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു. വിരാട് കോലി 41 പന്തുകള്‍ നേരിട്ട് ഒരു സിക്സും ഏഴ് ഫോറുമടക്കം 52 റണ്‍സെടുത്തു.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന് കിഷനെ (2) നഷ്ടമായ ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ - വിരാട് കോഹ്ലി സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
18 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 19 റണ്‍സെടുത്ത രോഹിത്തിനെ മടക്കി റോസ്റ്റന്‍ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് (8) ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഈ വിക്കറ്റും റോസ്റ്റന്‍ ചേസിനായിരുന്നു. തുടര്‍ന്ന് 14-ാം ഓവറില്‍ കോഹ്ലിയുടെ കുറ്റി തെറിപ്പിച്ച് ചേസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച റിഷഭ് പന്ത് - വെങ്കടേഷ് അയ്യര്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിങ്സ് ടോപ് ഗിയറിലാക്കി. ഇരുവരും ചേര്‍ന്ന് 76 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. 18 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ അവസാന ഓവറിലാണ് പുറത്തായത്.
ഒന്നാം മത്സരത്തിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഫാബിയാന്‍ അലന് പകരം ജേസണ്‍ ഹോള്‍ഡര്‍ ഇടംപിടിച്ചു. വെസ്റ്റ് ഇന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡിന്റെ 100ആം അന്താരാഷ്ട്ര ടി20 മത്സരമാണിത്.
മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഈ മത്സരംകൂടി നേടിയാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.