പിങ്കിലും ഇന്ത്യ തന്നെ; ഈഡനിൽ ചരിത്ര ജയം

ഇന്ത്യയിലെ ആദ്യപിങ്ക് ബോൾ ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 46 റൺസിനുമാണ് തോൽപിച്ചത്

News18 Malayalam | news18
Updated: November 24, 2019, 4:03 PM IST
പിങ്കിലും ഇന്ത്യ തന്നെ; ഈഡനിൽ ചരിത്ര ജയം
ടീം ഇന്ത്യ
  • News18
  • Last Updated: November 24, 2019, 4:03 PM IST IST
  • Share this:
മൂന്നാംദിനം അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കളി തുടങ്ങി ഒരു മണിക്കൂറിനകം ബംഗ്ലാദേശിന്‍റെ ചെറുത്ത് നിൽപ് അവസാനിച്ചു. 195ന് പുറത്ത്. മൂന്നാംദിനം വീണ മൂന്ന് വിക്കറ്റും സ്വന്തമാക്കിയ ഉമേഷ് യാദവ് ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് തികച്ചു. ഇന്നലെ റിട്ടയർഡ് ഹർട്ടായ മൊഹമ്മദുള്ള വീണ്ടും ഇറങ്ങാതിരുന്നതോടെ ഇന്ത്യക്ക് ഇന്നിംഗ്സിന്‍റെയും 46 റൺസിന്‍റെയും ജയം.

റെക്കോഡോടെ ഇന്ത്യ

തുടർച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിംഗ്സ് ജയം നേടുന്നത്. ബംഗ്ലാദേശിനെതിരെ ആദ്യടെസ്റ്റിൽ ഇൻഡോറിൽ ഇന്നിംഗ്സിനും 130 റൺസിനുമാണ് ജയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന രണ്ട് ടെസ്റ്റിൽ ഇന്ത്യൻ ജയം ഇന്നിംഗ്സിനും 202 റൺസിനും ഇന്നിംഗ്സിനും 137 റൺ‌സിനുമായിരുന്നു. തുടർച്ചയായ നാല് ടെസ്റ്റിൽ ഇന്നിംഗ്സ് ജയം നേടുന്ന ആദ്യടീമുമായി ഇന്ത്യ. 1970കളിലെ വെസ്റ്റ് ഇൻഡീസിനോ പോണ്ടിംഗിന്‍റെ ഓസീസ് സുവർണ സംഘത്തിനോ കഴിയാതിരുന്ന നേട്ടം. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് ജയത്തിനാണ് പിങ്ക് ബോളിൽ ഈഡൻ സാക്ഷ്യം വഹിച്ചത്.

പേസ് കരുത്ത്

ഈഡനിൽ ബംഗ്ലാദേശിന്‍റെ മുഴുവൻ വിക്കറ്റും സ്വന്തമാക്കിയത് ഇന്ത്യയുടെ പേസ് നിര. ഇഷാന്ത് ശർമ ഒമ്പത് വിക്കറ്റും ഉമേഷ് യാദവ് എട്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ ഷമിക്കും കിട്ടി രണ്ടെണ്ണം. ഇതാദ്യമായാണ് നാട്ടിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ പേസർമാർ എതിരാളികളുടെ മുഴുവൻ വിക്കറ്റും നേടുന്നത്. ഒന്നാം ഇന്നിംഗ്സിൽ 5 വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റും വീഴ്ത്തിയ ഇഷാന്ത് ശർമ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ് സീരീസുമായി. 968 പന്ത് മാത്രമാണ് മത്സരം നീണ്ടത്. ഇതും ഇന്ത്യൻ മണ്ണിലെ റെക്കോഡ്.

പിങ്കണിഞ്ഞ് കൊൽക്കത്തഡേ ആൻഡ് നൈറ്റ് ടെസ്റ്റിനോട് മുഖം തിരിച്ചുനിന്ന ഇന്ത്യൻ ടീമും ഒടുവിൽ പിങ്ക് ടെസ്റ്റ് കളിച്ചതാണ് മത്സരത്തിന്‍റെ ഏറ്റവും പ്രധാന സവിശേഷത. ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് ജയിക്കുന്ന ഏഴാമത്തെ ടീമായി ഇന്ത്യ. ഈഡനിലെ കാണികളുടെ മികച്ച പിന്തുണയും ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് കിട്ടി. മൂന്ന് ദിവസവും ഈഡനിലെ ഗാലറി നിറഞ്ഞു. ഇനി എല്ലാ ഹോം സീസണിലും ഒരു ടെസ്റ്റ് മത്സരമെങ്കിലും ഡേ ആൻഡ് നൈറ്റ് ആകാനുളള സാധ്യതയും കൊൽക്കത്തയിലെ വിജയം തുറന്നു നൽകുന്നു.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading