• HOME
  • »
  • NEWS
  • »
  • sports
  • »
  • India beats West Indies | പ്രസിദ്ധ് കൃഷ്ണയ്ക്ക് 4 വിക്കറ്റ്; വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; പരമ്പര

India beats West Indies | പ്രസിദ്ധ് കൃഷ്ണയ്ക്ക് 4 വിക്കറ്റ്; വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം; പരമ്പര

മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയമാണിത്

  • Share this:
    അഹമ്മദാബാദ്: രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെ 44 റൺസിന് തോൽപിച്ച് ഇന്ത്യ. 238 റൺസിന്റെ വിജലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 46 ഓവറിൽ 193 റൺസിന് ഓൾ ഔട്ടായി. മൂന്നു ഏകദിനങ്ങളുടെ പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പര വിജയമാണിത്.

    ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാലുവിക്കറ്റും ശാർദൂൽ ഠാക്കൂർ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹാൽ, വാഷിങ്ടൺ സുന്ദർ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റും നേടി. 64 പന്തിൽ 44 റൺസെടുത്ത ഷമാറ ബ്രൂക്സാണ് വിൻഡീസിന്റെ ടോപ് സ്കോറർ. അകീൽ ഹൊസെയ്ൻ 34 (52), ഷായ് ഹോപ് 27(54) എന്നിങ്ങനെയാണ് വിൻഡീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റ് ബാറ്റർമാർ.

    ഒമ്പത് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. എട്ടാം ഓവറിലാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 20 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഓപ്പണര്‍ ബ്രണ്ടന്‍ കിങ്ങിനെ പ്രസിദ്ധ്, പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഡാരന്‍ ബ്രാവോയേയും (1) മടക്കിയ താരം വിന്‍ഡീസിന് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. മികച്ച പ്രതിരോധം പുറത്തെടുത്ത് 27 റണ്‍സെടുത്ത ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ വിന്‍ഡീസ് തീര്‍ത്തും പ്രതിരോധത്തിലായി.

    തുടര്‍ന്ന് ക്യാപ്റ്റന്‍ നിക്കോളാസ് പുരനെ (9) പ്രസിദ്ധ് മടക്കിയപ്പോള്‍ ജേസന്‍ ഹോള്‍ഡറെ (2) ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. എന്നാല്‍ ബ്രൂക്ക്‌സും അകീല്‍ ഹുസൈനും ചേര്‍ന്ന് സ്‌കോര്‍ 117 വരെയെത്തിച്ചു. 31ാം ഓവറില്‍ ബ്രൂക്ക്‌സിനെ മടക്കി ദീപക് ഹൂഡയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഫാബിയാന്‍ അലനെ (13) സിറാജ് മടക്കി. 52 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത അകീലിനെ ഒടുവില്‍ 40-ാം ഓവറില്‍ ശാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. തുടര്‍ന്ന് 20 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ഒഡീന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും വിജയം അകലെയായി. 46ാം ഓവറില്‍ കെമാര്‍ റോച്ചിനെ (0) പുറത്താക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ ജയം സമ്മാനിച്ചു.

    നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 43 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ - സൂര്യകുമാര്‍ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 91 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന് തുണയായത്.

    ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 43 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 5 (8), ഋഷഭ് പന്ത് 18 (34), വിരാട് കോഹ്ലി 18(30) എന്നിവരുടെ വിക്കറ്റുകളാണ് തുടക്കത്തിൽത്തന്നെ നഷ്ടമായത്. നാലാം വിക്കറ്റിൽ ഒത്തുചേർന്ന കെ എൽ രാഹുലും സൂര്യകുമാർ യാദവുമാണ് പിടിച്ചുനിന്നത്.

    മൂന്നാം ഓവറിൽ രോഹിത്തിനെ പുറത്താക്കി കേമാർ റോച്ചാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഓപ്പണറായി എത്തിയ പന്ത് നന്നായി തുടങ്ങിയെങ്കിലും 12ാം ഓവറിൽ ആദ്യം പന്തിനെയും പിന്നാലെ കോഹ്ലിയെയും ഒഡിയൻ സ്മിത്ത് പുറത്താക്കി. സ്മിത്തിനെ പുൾ ചെയ്യാനുള്ള പന്തിന്റെ ശ്രമം ജെയ്സൻ ഹോൾഡറുടെ കൈകളിൽ അവസാനിച്ചു. അതേ ഓവറില്‍ കോഹ്ലി എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ഷായ് ഹോപ് സുരക്ഷിതമായി കൈയിലൊതുക്കി.

    നാലാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ- സൂര്യകുമാർ സഖ്യം 91 റൺസ് ചേർത്തു. എന്നാൽ അർധ സെഞ്ചുറിക്ക് ഒരു റൺ മാത്രം അകലെ ഇല്ലാത്ത റണ്ണിനായി ശ്രമിച്ച രാഹുൽ റണ്ണൗട്ടായി. അർധ സെഞ്ചുറിക്കു പിന്നാലെ സൂര്യകുമാറിനെ ഫേബിയൻ അലൻ മടക്കിയതോടെ വിൻഡീസ് വീണ്ടും മത്സരത്തിലേക്ക് മടങ്ങിയെത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ച വാഷിങ്ടൺ സുന്ദറിനെ (41 പന്തിൽ 24) സ്പിന്നർ അക്കീൽ ഹൊസെയ്ൻ പുറത്താക്കി. ഹൊസെയ്നെ സിക്സ് അടിക്കനുള്ള സുന്ദറിന്റെ ശ്രമം ബൗണ്ടറി ലൈനിൽ അൽസരി ജോസഫിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

    അൽസരി ജോസഫിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ശാർദൂൽ ഠാക്കൂറും 8(15) പുറത്തായി. പിന്നാലെ മുഹമ്മദ് സിറാജിനെയും 3(5) അൽസരിതന്നെ മടക്കി. 48ാം ഓവറിൽ ജെയ്സൻ ഹോൾഡർക്ക് വിക്കറ്റ് നൽകി ദീപക് ഹൂഡയും 29(25) മടങ്ങി. യുസ്‌വേന്ദ്ര ചെഹൽ 11(10),പ്രസീദ് കൃഷ്ണ 0(3) എന്നിവർ പുറത്താകാതെ നിന്നു.

    വിൻഡീസിനായി ഒഡിയൻ സ്മിത്ത്, അൽസരി ജോസഫ് എന്നിവർ രണ്ടും, കെമാർ റോച്ച്, അക്കീൽ ഹൊസെയ്ൻ, ഫേബിയൻ അലൻ, ജെയ്സൻ ഹോൾഡർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പരിക്കേറ്റ കെയ്റൻ പൊള്ളാർഡിന് പകരം നിക്കോളാസ് പുരാനാണ് വിൻഡീസിനെ നയിച്ചത്. ഇന്ത്യൻ നിരയിൽ ഇഷൻ കിഷന് പകരം കെ എൽ രാഹുൽ മടങ്ങിയെത്തി.
    Published by:Rajesh V
    First published: