ഹാമിൽട്ടൺ: ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായി. നിർണായകമായ മൂന്നാം മത്സരത്തിൽ ഇന്ത്യ നാലു റൺസിന്റെ തോൽവി വഴങ്ങി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി. ന്യൂസിലാൻഡ് താരങ്ങളായ കോളിൻ മൺറോ മാൻ ഓഫ് ദ മാച്ച് ആയപ്പോൾ പരമ്പരയിൽ ഉടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത ടിം സിഫെർട്ടാണ് മാൻ ഓഫ് ദ സീരീസ്.
അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന ഓവർ വരെ പോരാട്ടം നീണ്ടു. ഒരവസരത്തിൽ 12 ഓവറിൽ രണ്ടിന് 120 എന്ന ശക്തമായ നിലയിൽനിന്നാണ് ഇന്ത്യ തകർന്നടിഞ്ഞത്. 43 റൺസെടുത്ത വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ(38), റിഷഭ് പന്ത്(28) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ഇന്ത്യ പരാജയം വരിക്കുകയായിരുന്നു. ദിനേഷ് കാർത്തിക്ക്(പുറത്താകാതെ 33), ക്രൂനാൽ പാണ്ഡ്യ(പുറത്താകാതെ 26) എന്നിവർ പൊരുതിനോക്കിയെങ്കിലും ഇന്ത്യയെ വിജയതീരത്ത് എത്തിക്കാൻ അവർക്ക് സാധിച്ചില്ല. ന്യൂസിലാൻഡിനുവേണ്ടി മിച്ചൽ സാന്റ്നർ ഡാരിൽ മിച്ചൽ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
'ഹൃദയം കവര്‍ന്ന്'; ബെയ്ലിയുടെ സിക്സറില്‍ പരുക്കേറ്റ കുട്ടിക്ക് സമ്മാനങ്ങളുമായി താരങ്ങള്‍
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കുകയായിരുന്നു. 40 പന്തിൽ 72 റൺസെടുത്ത കോളിൻ മൺറോയാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. ടിം സിഫെർട്ട് 43 റൺസും കോളിൻ ഗ്രാൻഡോമ്മെ 30 റൺസുമെടുത്തു. ഇന്ത്യയ്ക്കുവേണ്ടി കുൽദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ഫീൽഡിങ്ങിലെ പിഴവാണ് ന്യൂസിലാൻഡിനെ 200ൽ അധികമുള്ള സ്കോറിൽ എത്തിച്ചത്.
പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലാൻഡ് 80 റൺസിന് ജയിച്ചപ്പോൾ രണ്ടാം ടി20യിൽ ഇന്ത്യ ഏഴു വിക്കറ്റ് ജയിച്ചു. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.