ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ മുന്‍പ് നിശ്ചയിച്ചതുപോലെ തന്നെ നടത്തുമെന്ന് ഐ സി സി അറിയിച്ചു. ജൂണ്‍ 18 മുതല്‍ 22 വരെ സതാംപ്ടണിലാണ് ന്യൂസിലന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുന്ന പ്രഥമ ഐ സി സി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ അംഗീകരിക്കുന്ന 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഇരു ടീമുകളും അംഗീകരിക്കണമെന്നാണ് ഐ സി സിയുടെ നിബന്ധന. നിശ്ചയിച്ച പ്രകാരം കാണികള്‍ ഇല്ലാതെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. കോവിഡ് ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുന്ന ഇന്ത്യയെ യു കെ റെഡ് ലിസ്റ്റില്‍ ഉള്പ്പെടുത്തിയിരിക്കുകയാണെങ്കിലും അത് മത്സരത്തെ ബാധിചേക്കില്ല. 'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്സിലാണ് ആദ്യം മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ സുരക്ഷയും കൂടുതല്‍ സൗകര്യവും കണക്കിലെടുത്ത് ഐ സി സി ലോര്‍ഡ്സില്‍ നിന്നും ഫൈനല്‍ സതാംപ്ടണിലെ ഹാംപ്ഷയര്‍ബൗളിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ സമ്മറില്‍ സുരക്ഷിതമായി സതാംപ്ടണില്‍ മത്സരങ്ങള്‍ നടത്തുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നു. ഇക്കാര്യം കൂടെ പരിഗണിച്ചുകൊണ്ടാണ് ഫൈനല്‍ ലോര്‍ഡ്സില്‍ നിന്നും മാറ്റിയത്. സതാംപ്ടണില്‍ ലോകോത്തര നിലവാരമുള്ള പരിശീലന സൗകര്യങ്ങളുണ്ടെന്നും ഇത് ഇരു ടീമുകള്‍ക്കും ഫൈനലിന് തയ്യാറെടുക്കാന്‍ സഹായകരമാകുമെന്നും ഐ സി സി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
ന്യൂസിലന്‍ഡാണ് ഫൈനലില്‍ ആദ്യമായി യോഗ്യത നേടിയത്. കോവിഡ് പ്രതിസന്ധികള്‍ കാരണം ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതോടെയാണ് കെയ്ന്‍ വില്യംസണും കൂട്ടരും ഫൈനല്‍ പ്രവേശനം നേടുന്നത്. മറുഭാഗത്ത് എതിരാളികളായ ഇന്ത്യ നിര്‍ണായക പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-1 ന് പരാജയപ്പെടുത്തി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്. ജൂണ്‍ 18 നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ന്യൂസിലന്‍ഡ് ടീമിനെ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കെയ്ന്‍ വില്യംസണ് നയിക്കുന്ന ടീമിലേക്ക് രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രചിന് രവീന്ദ്ര,ജേക്കബ് ഡഫി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.