മെൽബൺ ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ പരമ്പരയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഈ മത്സരത്തിലേക്ക് വരുമ്പോൾ ഇന്ത്യൻ ടീം അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാൽ ഈ വിജയത്തിന്റെ
മധുരം എത്രയാണെന്ന് മനസിലാകും. ആദ്യ ടെസ്റ്റിന്റെ വിവിധ സെഷനുകളിൽ ഇരു ടീമുകളും മാറി മാറി ആധിപത്യം പുലർത്തിയിരുന്നു. പല സെഷനുകളിലും ഇന്ത്യ മുന്നില്‍ നിന്നെങ്കിലും രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് ബാറ്റിങ്ങിൽ പിഴച്ചു. 36 റൺസിന് പുറത്തായി നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി.
ഭാര്യ അനുഷ്ക ശർമയുടെ പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയ ക്യാപ്റ്റൻ
വിരാട് കോഹ്ലി, പരിക്കേറ്റ മുഹമ്മദ് ഷമി, പരിക്കിനെ തുടർന്ന് ടെസ്റ്റ് സ്ക്വാഡിൽ ഇടംനേടാനാകാത്ത ഇഷാന്ത് ശർമയും ഭുവനേശ്വർ കുമാറും, ഓസ്ട്രേലിയയിലെത്തി ക്വറന്റീനിൽ തുടരുന്ന രോഹിത് ശർമ തുടങ്ങിയ ടീമിലെ പ്രമുഖരൊന്നും ഇല്ലാതെയാണ് ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റിനിറങ്ങിയത്. പേസർ ഉമേഷ് യാദവിനാകട്ടെ കളിക്കിടെ പരിക്കിനെ തുടർന്ന് പിന്മാറേണ്ടിയും വന്നു. പക്ഷേ അജിങ്ക്യ രഹാനെയും ടീം അംഗങ്ങളും നിശ്ചയ ദാർഢ്യത്തോടെ പൊരുതി കളിച്ച് വിജയം നേടിയെടുക്കുകയായിരുന്നു.
മെൽബണിലെ വിജയവുമായി ബന്ധപ്പെട്ട് 10 പ്രധാന കാര്യങ്ങൾ അറിയാം
1. വിദേശ പിച്ചുകളിലെ ഇന്ത്യയുടെ 52-ാമത്തെ ടെസ്റ്റ് വിജയമാണിത്. വിദേശത്ത് ഇന്ത്യ ഏറ്റവും കൂടുതൽ വിജയം നേടിയ ഗ്രൗണ്ടായി മെൽബൺ മാറി. മെൽബണിൽ കളിച്ച മത്സരങ്ങളിൽ നാലെണ്ണത്തിൽ ഇന്ത്യ വിജയിച്ചു. ഇംഗ്ലണ്ട് അല്ലാതെ മറ്റൊരു ടീമും മെൽബണിൽ മൂന്ന് ടെസ്റ്റുകളിൽ അധികം വിജയിച്ചിട്ടില്ല.
2. ഓസ്ട്രേലിയയിൽ കഴിഞ്ഞ 50 വർഷത്തിനിടെ 0-1ന് പിന്നിട്ട നിന്നശേഷം അടുത്ത മത്സരത്തിൽ വിജയിച്ച മൂന്നാമത്തെ ടീമാവുകയാണ് ഇന്ത്യ. 1975-76ൽ വെസ്റ്റിൻഡീസ് ആണ് ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം അടുത്ത മത്സരം ജയിച്ച് തിരിച്ചുവരവ് നടത്തിയത്. രണ്ടാമത്തെ ടീം ന്യൂസിലാൻഡാണ്. 0-1ന് പിന്നിട്ട് നിന്നശേഷം ഹൊബർട്ടിലെ രണ്ടാം ടെസ്റ്റ് ജയിച്ചായിരുന്നു കിവികളുടെ മടങ്ങിവരവ്.
Also Read-
ICC Awards: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന താരമായി വിരാട് കോഹ്ലി
3. ഈ നൂറ്റാണ്ടിലെ കണക്കെടുത്താൽ ഇന്ത്യൻ മണ്ണിൽ ഓസ്ട്രേലിയ വിജയിച്ചിട്ടുള്ളതിനേക്കാൾ അധികം ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയൻ മണ്ണില്‍ ഇന്ത്യൻ ടീം വിജയിച്ചിട്ടുണ്ട്. ഇന്ത്യ ഓസ്ട്രേലിയയിൽ കളിച്ച 22 ടെസ്റ്റുകളിൽ അഞ്ചെണ്ണത്തിലാണ് വിജയിച്ചത്. ഇന്ത്യയിൽ കളിച്ച 21 ടെസ്റ്റുകളിൽ നാലെണ്ണത്തിലായിരുന്നു ഓസ്ട്രേലിയൻ വിജയം.
4. 50 റൺസിൽ താഴെ പുറത്തായിട്ട് അടുത്ത മത്സരത്തിൽ ജയിക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. അഡ്ലെയ്ഡിലെ രണ്ടാം ഇന്നിങ്സിൽ 36 റൺസിനാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇംഗ്ലണ്ട് രണ്ട് 50ൽ താഴെ സ്കോറിന് പുറത്തായിട്ടും അടുത്ത മത്സരത്തിൽ വിജയിച്ച് തിരിച്ചുവന്നു. ഓസ്ട്രേലിയ ആണ് കുറഞ്ഞ സ്കോറിൽ പുറത്തായിട്ട് അടുത്ത മത്സരത്തിൽ വിജയിച്ച മറ്റൊരു ടീം.
5. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം ഇന്ത്യ പരമ്പര വിജയം നേടിയിട്ടുള്ളത് നാലുതവണയാണ്. 1972-73ൽ ഇംഗ്ലണ്ട്, 2000-01ൽ ഓസ്ട്രേലിയ, 2015ൽ ശ്രീലങ്ക, 2016-17ൽ ഓസ്ട്രേലിയ എന്നിവർക്കെതിരെയായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.
Also Read
BCCI's highest-paid player| ബിസിസിഐയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ കളിക്കാരൻ കോഹ്ലി അല്ല; അത് ബും ബും ...ബുംറ
6. ഓസ്ട്രേലിയയിൽ അരങ്ങേറ്റം കുറിച്ച വിദേശ താരങ്ങളിൽ ഇന്ത്യയുടെ മുഹമ്മദ് സിറാജിനെക്കാൾ വിക്കറ്റ് സ്വന്തമാക്കിയത് ശ്രീലങ്കയുടെ ലസിത് മലിംഗ മാത്രമാണ്. 2004ൽ ഡർവിനിൽ നടന്ന ആദ്യ ടെസ്റ്റിൽ മലിംഗ ആറു വിക്കറ്റുകളാണ് നേടിയത്. മെൽബണില്‍ അരങ്ങേറിയ സിറാജ് അഞ്ച് വിക്കറ്റുകൾ നേടി.
7. സ്വന്തം രാജ്യത്ത് നടന്ന ടെസ്റ്റ് മത്സരത്തിൽ ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനും അർധ സെഞ്ചുറി നേടാനാകാത്തത് 32 വർഷത്തിനിടെ ആദ്യമായാണ്. ഇതിന് മുൻപും ഇങ്ങനെ സംഭവിച്ചത് മെൽബണിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു.
8. ബോക്സിങ് ഡേ ടെസ്റ്റിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചിന് നൽകുന്ന മുല്ലാഗ് മെഡൽ ആദ്യമായി നേടിയ താരമായി അജിങ്ക്യ രഹാനെ മാറി. ഓസ്ട്രേലിയൻ ആദിവാസി വിഭാഗത്തിൽപ്പെട്ട ഓൾറൗണ്ടറായിരുന്ന ജോണി മുല്ലാഗിന്റെ പേരിൽ ഈ വർഷം മുതലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുരസ്കാരം പ്രഖ്യാപിച്ചത്. 1868ല്‍ ഇംഗ്ലണ്ട് സന്ദർശിച്ച ടീമിൽ അംഗമായിരുന്നു ജോണി മുല്ലാഗ്.
9. 67 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള
അജിങ്ക്യ രഹാനെ ഒരു ടെസ്റ്റ് മത്സരത്തിൽ വിജയ റൺ നേടുന്നത് ഇതാദ്യമായിട്ടാണ്. നതാൻ ലയോണിന്റെ പന്ത് ബാക്ക്വാർഡ് സ്ക്വയർ ലെഗിലേക്ക് അടിച്ചാണ് നാലാം ദിനത്തിൽ രഹാനെ വിജയറൺ നേടിയത്.
10. പത്ത് വർഷം മുൻപ് ഇതേ ദിവസമാണ് മറ്റൊരു ബോക്സിങ് ഡേ ടെസ്റ്റ് ഇന്ത്യ വിജയിച്ചത്. 2010ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു ഇത്. ഡർബനിൽ നടന്ന മത്സരത്തിന്റെ നാലാം ദിവസം, ഡിസംബർ 29ന് ഇന്ത്യ 87 റൺസിന് വിജയിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.