നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ 95 റൺസിന്റെ ലീഡ് നേടി ഇന്ത്യ; രാഹുലിനും ജഡേജക്കും അർധസെഞ്ചുറി, റോബിൻസണ് അഞ്ച് വിക്കറ്റ്

  IND vs ENG| ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ 95 റൺസിന്റെ ലീഡ് നേടി ഇന്ത്യ; രാഹുലിനും ജഡേജക്കും അർധസെഞ്ചുറി, റോബിൻസണ് അഞ്ച് വിക്കറ്റ്

  കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുടേയും വാലറ്റത്ത് ജസ്പ്രീത് ബുംറ നടത്തിയ ചെറുത്തുനിൽപ്പിന്റെയും ബലത്തിലാണ് 95 റൺസിന്റെ ഭേദപ്പെട്ട ഒന്നാം ഇന്നിംങ്സ് ലീഡ് നേടിയത്.

  Ravindra Jadeja

  Ravindra Jadeja

  • Share this:
   ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നോട്ടിംഗ്ഹാമിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ മുൻ‌തൂക്കം നേടി വിരാട് കോഹ്‌ലിയുടെ ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് കുറിച്ച 183 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളുടേയും വാലറ്റത്ത് ജസ്പ്രീത് ബുംറ നടത്തിയ ചെറുത്തുനിൽപ്പിന്റെയും ബലത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 278 റൺസ് കുറിച്ചു. 84 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇംഗ്ലണ്ടിനായി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയിംസ് ആൻഡേഴ്സൺ നാല് വിക്കറ്റ് വീഴ്ത്തി.

   മഴ മൂലം കളി പകുതിയിൽ വെച്ച് നിർത്തിവെക്കേണ്ടി വന്ന രണ്ടാം ദിനത്തിന് ശേഷം മൂന്നാം ദിനത്തിൽ 125-4 എന്ന നിലയിൽ കളി തുടങ്ങിയെങ്കിലും രണ്ട് ഓവറുകൾ എറിഞ്ഞപ്പോഴേക്കും വീണ്ടും കളി നിർത്തിവെക്കേണ്ടി വന്നു. മഴ മാറി കളി വീണ്ടും ആരംഭിച്ചപ്പോൾ ഇന്ത്യക്ക് ഋഷഭ് പന്തിനെ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയുടെ സ്കോർ 145ൽ നിൽക്കെ റോബിൻസണിന്റെ പന്തിൽ ബെയർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് പന്ത് മടങ്ങിയത്. 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ പന്ത് 25 റണ്‍സെടുത്തു.

   നേരത്തെ മികച്ച രീതിയിൽ തുടങ്ങിയതിന് ശേഷം തുടരെ വിക്കറ്റുകൾ നഷ്ടമായി പ്രതിരോധത്തിലേക്ക് പോയ ഇന്ത്യ തകർച്ചയിൽ നിന്നും കരകയറുന്നതിനിടെയാണ് പന്തിന്റെ വിക്കറ്റ് നഷ്ടമായത്. ഇതോടെ വീണ്ടുമൊരു തകർച്ചയിലേക്ക് ഇന്ത്യ വീഴുമോ എന്ന് ആരാധകർ ഭയന്നെങ്കിലും ഇന്ത്യക്ക് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന രാഹുലിന് പന്തിന് പകരം ക്രീസിലെത്തിയ ജഡേജ മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യക്ക് ആത്മവിശ്വാസമായി. മികച്ച രീതിയിൽ മുന്നേറിയ ഇരുവരും ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് തന്നെ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടിയെടുത്ത് 191-5 എന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചു.

   ഉച്ചഭക്ഷണത്തിന് ശേഷം മത്സരം തുടങ്ങിയപ്പോൾ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുലിനെ പുറത്താക്കി ആൻഡേഴ്സൺ ഇന്ത്യക്ക് കടുത്ത പ്രഹരമേൽപ്പിച്ചു. ഒരിടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ സെഞ്ചുറിക്ക് 16 റൺസകലെയാണ് പുറത്തായത്. മികച്ച രീതിയിൽ ബാറ്റ് വീശിയ രാഹുലിനെ ആൻഡേഴ്സൺ ബട്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നാലെ വന്ന ഷാർദുൽ ഠാക്കുറിനെ പൂജ്യത്തിന് പുറത്താക്കി ഇംഗ്ലണ്ടിന് മേൽക്കൈ നൽകി.

   തുടരെ രണ്ട് വിക്കറ്റുകൾ വീണ് പ്രതിരോധത്തിലായ ഇന്ത്യയെ ജഡേജയുടെ ഇന്നിങ്‌സാണ് മുന്നോട്ട് നയിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ച ജഡേജ വമ്പനടികളിലൂടെ ഇന്ത്യൻ സ്കോർ ഉയർത്തി 56 റൺസ് നേടിയാണ് പുറത്തായത്. റോബിൻസണിനായിരുന്നു വിക്കറ്റ്.

   ജഡേജ കൂടി പോയതോടെ ഇന്ത്യൻ നിരയെ എളുപ്പത്തിൽ പുറത്താക്കാം എന്ന് കരുതിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യൻ വാലറ്റത്തിന്റെ പോരാട്ടവീര്യത്തെ എളുപ്പത്തിൽ കീഴടക്കാൻ കഴിഞ്ഞില്ല. വാലറ്റത്ത് മുഹമ്മദ് ഷമി(13), ജസ്പ്രീത് ബുമ്ര(28), മുഹമ്മദ് സിറാജ് ( പുറത്താകാതെ ഏഴ് റൺസ്) എന്നിവർ നടത്തിയ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് 95 റണ്‍സിന്‍റെ ലീഡ് സമ്മാനിച്ചു. ജഡേജ പോയതിന് ശേഷം ഇവർ മൂവരും ചേർന്ന് 46 റൺസാണ് കൂട്ടിച്ചേർത്തത്.
   Published by:Naveen
   First published:
   )}