HOME » NEWS » Sports » INDIA SET TO FACE BANGLADESH IN A MUST WIN ENCOUNTER TO SECURE QUALIFICATION FOR THE ASIAN CUP NAV

ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടം : നിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്

കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഖത്തറിനോട് തോൽവി വഴങ്ങിയതോടെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യയുടെ മുന്നിൽ ഇനിയുള്ളത് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുക എന്നതാണ്.

News18 Malayalam | news18-malayalam
Updated: June 7, 2021, 8:43 PM IST
ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടം : നിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ബംഗ്ലാദേശ്
India football team friendlies
  • Share this:
ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഖത്തറിനോട് തോൽവി വഴങ്ങിയതോടെ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യയുടെ മുന്നിൽ ഇനിയുള്ളത് ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടുക എന്നതാണ്. ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതാ പ്രതീക്ഷകൾ സജീവമായി നിലനിർത്തണമെങ്കിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിച്ചേ തീരൂ. അതുകൊണ്ടു തന്നെ തങ്ങളുടെ മുഴുവൻ കരുത്തും പുറത്തെടുത്ത് കൊണ്ട് തന്നെയാകും ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിൽ കളിക്കാൻ ഇറങ്ങുക എന്നത് ഉറപ്പാണ്. ഖത്തറിൽ ദോഹയിലുള്ള ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 നാണ് മത്സരത്തിന്റെ കിക്കോഫ്.

കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഖത്തറിനോട് മറുപടിയില്ലാത്ത ഒരു ഗോളിൻ്റെ പരാജയം ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നതെങ്കിലും ഈ പരാജയം ടീമിന്റെ ആത്മവിശ്വാസത്തെ തെല്ലും ബാധിക്കാൻ ഇടയില്ല എന്നത് ഉറപ്പാണ്. ഏഷ്യയിലെ വമ്പന്മാരായ ഖത്തറിനെതിരെ ആദ്യ 20 മിനുട്ടുകൾക്കുള്ളിൽ തന്നെ 10 പേരുമായി ചുരുങ്ങിയിട്ടും ഒരു‌ ഗോൾ മാത്രമേ ഖത്തർ പോലൊരു ടീമിനെതിരെ വഴങ്ങിയുള്ളൂ എന്നത് ഇന്ത്യൻ ടീമിന് അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്.

ഖത്തറിനെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങുന്നതിൽ നിന്നും ഇന്ത്യയെ രക്ഷിച്ചത് അവരുടെ ഗോളി ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ മികവായിരുന്നു. കളിയിലുടനീളം ഇന്ത്യൻ ഗോൾവലക്ക് കീഴിൽ കൈവിരിച്ച് നിന്ന ഗുർപ്രീത് തൻ്റെ നേരെ വന്ന പത്ത് ഷോട്ടുകളാണ് ഗോളാകാതെ കാത്തത്. അതേപോലെ കഴിഞ്ഞ മത്സരത്തിൽ തങ്ങളുടെ ഗോളിക്ക് പിന്തുണ നൽകി ഇന്ത്യയുടെ ഗോൾമുഖത്ത് കോട്ട കെട്ടി ഉറച്ചു നിന്ന പ്രതിരോധ നിര അതേ മികവ് തുടരുകയും, ഒപ്പം മുന്നേറ്റ നിര ഫോമിലേക്ക് ഉയരുകയും ചെയ്താൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും. മറുവശത്ത് അഫ്ഗാനെ സമനിലയിൽ (1-1) തളച്ചതിന് ശേഷമാണ് ബംഗ്ലാദേശ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. നിലവിൽ ഇ ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ബംഗ്ലാദേശ് അഭിമാന ജയമാണ് ഇന്ത്യക്കെതിരെ ലക്ഷ്യമിടുന്നത്. അത് കൊണ്ടു തന്നെ ഒരു മികച്ച പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം.

അതേ സമയം നേർക്കുനേർ കണക്കിൽ ബംഗ്ലാദേശിനെതിരെ മികച്ച റെക്കോർഡാണ് ഇന്ത്യക്കുള്ളത്. അവർക്കെതിരെ കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിച്ച ഇന്ത്യക്ക് 1999 ന് ശേഷം ബംഗ്ലാദേശിനെതിരെ പരാജയം നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ മത്സരത്തിൻ്റെ ആദ്യ റൗണ്ടിൽ ബംഗ്ലാദേശിനെതിരെ നേർക്കു നേർ വന്നപ്പോൾ ഇന്ത്യക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ അന്ന്‌ വിജയം നേടാൻ കഴിയാതിരുന്നതിന്റെ നിരാശ തകർപ്പൻ വിജയത്തിലൂടെ മറികടക്കുകയെന്ന ലക്ഷ്യവും ഇന്ന് സ്റ്റിമാച്ചിന്റെ സംഘത്തിനുണ്ടാവും.

ലോകകപ്പ് യോഗ്യത അസ്തമിച്ച ഇന്ത്യക്ക് മുന്നിൽ ഇനിയുള്ളത് ഏഷ്യൻ കപ്പ് യോഗ്യതയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ഏഷ്യൻ കപ്പിൻ്റെ മൂന്നാം റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടാൻ കഴിയും. എല്ലാ ഗ്രൂപ്പുകളിലേയും ഏറ്റവും മികച്ച നാല് നാലാം സ്ഥാനക്കാർക്കും ഏഷ്യൻ കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിയും. അത് കൊണ്ടു തന്നെ നാലാം സ്ഥാനത്തെത്തിയാലും ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് പ്രതീക്ഷകളുണ്ടാകും‌‌. എന്നാൽ മികച്ച നാലാം സ്ഥാനക്കാരായി ഏഷ്യാകപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ മികച്ച ഫലം അവർക്ക് അനിവാര്യമാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ മാത്രമേ ഏഷ്യൻ കപ്പ് യോഗ്യത ഇന്ത്യക്ക് സ്വപ്നം കാണാൻ കഴിയുകയുള്ളൂ.

ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

Summary- India set to face Bangladesh in a must win encounter to secure qualification for the Asian Cup
Published by: Anuraj GR
First published: June 7, 2021, 8:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories