നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റൻ; ഭാവിയിലേക്ക് ഒരുങ്ങാനുള്ള നിർദേശവുമായി ഗവാസ്കർ

  ടി20യിൽ ഇന്ത്യയുടെ ക്യാപ്റ്റൻ; ഭാവിയിലേക്ക് ഒരുങ്ങാനുള്ള നിർദേശവുമായി ഗവാസ്കർ

  നിലവിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമയുണ്ടെന്നും എന്നാൽ ഭാവിയിലേക്ക് കൂടി നോക്കേണ്ടതുള്ളതിനാൽ കെ എൽ രാഹുലിനെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുവാൻ പ്രാപ്തനാക്കുന്ന നിലയിൽ വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നുമാണ് ഗാവസ്‌കർ അഭിപ്രായപ്പെട്ടത്.

  sunil gavaskar

  sunil gavaskar

  • Share this:
   ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കോഹ്ലി സ്ഥാനമൊഴിഞ്ഞ ശേഷം പകരമാരാകും ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക എന്ന ചർച്ചകളും സജീവമായി. ടി20 ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശര്‍മയാകും കോഹ്‌ലിയുടെ പിന്‍ഗാമിയാവുക എന്നാണ് പൊതുവെയുള്ള അഭിപ്രായവും വിലയിരുത്തലും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ചരിത്രമുള്ള രോഹിത്തിന് തന്നെയാണ് ഈ സ്ഥാനം ഏറ്റെടുക്കുന്നതിൽ കൂടുതൽ അർഹതയുള്ളത്. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച് പരിചയമുള്ളത് കൂടി താരത്തിന് മുതൽക്കൂട്ടാണ്.

   രോഹിത് ശർമ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനമേൽക്കുമ്പോൾ ടീമിന്റെ ഭാവി പരിഗണിച്ച് കെ എൽ രാഹുലിനെ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആക്കണമെന്നാണ് ഗവാസ്കറുടെ നിർദേശം. നിലവിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമയുണ്ടെന്നും എന്നാൽ ഭാവിയിലേക്ക് കൂടി നോക്കേണ്ടതുള്ളതിനാൽ കെ എൽ രാഹുലിനെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുവാൻ പ്രാപ്തനാക്കുന്ന നിലയിൽ വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നുമാണ് ഗാവസ്‌കർ അഭിപ്രായപ്പെട്ടത്.

   'അടുത്തിടെ രോഹിത്തിന്‍റെ അഭാവത്തില്‍ കോഹ്‌ലിക്ക് കീഴില്‍ രാഹുല്‍ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. ഭാവി മുന്നില്‍ക്കണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ രാഹുലിനെ രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് എന്‍റെ അഭിപ്രായം. പുതിയ നായകനെ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ രാഹുൽ തന്നെയാണ് അതിനുള്ള മികച്ച ഓപ്ഷൻ. ടി20യില്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലുൾപ്പെടെ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയത്. ഐപിഎല്ലിലും താരത്തിന്റെ പ്രകടനം മികച്ചതാണ്. ഐപിഎല്ലില്‍ പ‍ഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തും താരത്തിന് മികവ് പുറത്തെടുക്കാൻ കഴിയുന്നുണ്ട്.' - ഗവാസ്കർ പറഞ്ഞു.

   ജോലിഭാരം കണക്കിലെടുത്താണ് ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. 'ക്യാപ്റ്റന്‍സിയുടെ ഭാരം ബാറ്റിംഗിനെ ബാധിക്കില്ലെന്ന് രാഹുല്‍ ഐപിഎല്ലില്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തീര്‍ച്ചയായും രാഹുലിനെ പരിഗണിക്കാവുന്നതാണ്' - ഗവാസ്കർ കൂട്ടിച്ചേർത്തു.

   കോഹ്ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ടി20 ടീമിന്‍റെ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റൻ ആയാൽ അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പാകും രോഹിത്തിന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പ. ഇതുവരെ 19 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത്, 15 എണ്ണത്തിലും വിജയം നേടിയിരുന്നു.

   Also read- Virat Kohli| ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്ലി

   2017ലാണ് വിരാട് കോഹ്ലി എം എസ് ധോണിയിൽ നിന്നും ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. ടി20യിൽ 45 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലി 27 മത്സരങ്ങളിൽ ടീമിന് ജയം നേടിക്കൊടുത്തു. 14 എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ട് വീതം മത്സരങ്ങൾ ടൈയിലും ഫലം കാണാതെയും അവസാനിക്കുകയായിരുന്നു. ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിയുമെങ്കിലും ഇന്ത്യൻ ടീമിന്റെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് കോഹ്ലി തുടരും.
   Published by:Naveen
   First published:
   )}