HOME » NEWS » Sports » INDIA TIGHTEN GRIP IN FINAL AND KANE WILLIAMSON CONTINUES DEFENDING

WTC Final | ഫൈനലില്‍ ഇന്ത്യ പിടി മുറുക്കുന്നു, പ്രതിരോധിച്ച് വില്യംസണ്‍

മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളാണ് ഇന്ന് വീഴ്ത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ശക്തമായ പ്രതിരോധത്തില്‍ ക്രീസില്‍ നിലയുറപ്പിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: June 22, 2021, 7:46 PM IST
WTC Final | ഫൈനലില്‍ ഇന്ത്യ പിടി മുറുക്കുന്നു, പ്രതിരോധിച്ച് വില്യംസണ്‍
Mohammed shami
  • Share this:
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മഴ മൂലം വൈകി തുടങ്ങിയ കളിയില്‍ ഇന്ത്യന്‍ ടീം ന്യൂഡിലന്‍ഡിനെതിരെ പിടി മുറുക്കയാണ്. അഞ്ചാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ന്യൂസിലന്‍ഡ് നിര മത്സരം ലഞ്ചിന് പിരിഞ്ഞപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലായിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകളാണ് ഇന്ന് വീഴ്ത്തിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ 37 ബോളുകള്‍ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച റോസ് ടെയ്ലറെ മുഹമ്മദ് ഷമി ഗില്ലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ശേഷമെത്തിയ ഹെന്റ്‌റി നിക്കോള്‍സ് 23 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് നേടി മടങ്ങി. ഇത്തവണ ഇഷാന്ത് ശര്‍മ ആയിരുന്നു വിക്കറ്റ് വീഴ്ത്തിയത്. ആറാമനായി എത്തിയ ബി ജെ വാട്ലിംഗിനെ വെറും മൂന്ന് പന്തിനുള്ളില്‍ ഷമി ബൗള്‍ഡാക്കി. ഒരു കിടിലന്‍ ഗുഡ് ലെങ്ത് പന്ത് താരത്തിന്റെ മിഡില്‍ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. പിന്നീടെത്തിയ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിനെയും 13 റണ്‍സ് നേടുമ്പോഴേക്കും ഷമി മടക്കി. എന്നാല്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ശക്തമായ പ്രതിരോധത്തില്‍ ക്രീസില്‍ നിലയുറപ്പിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 എന്ന നിലയിലാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44 റണ്‍സെടുത്തു. നീല്‍ വാഗ്‌നറും ട്രെന്റ് ബോള്‍ട്ടും ന്യൂസിലന്‍ഡിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

വെളിച്ചക്കുറവ് കാരണം രണ്ടാം ദിനത്തില്‍ കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യ 217 റണ്‍സിന് പുറത്തായത്. മികച്ച ഒരു ടോട്ടല്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ ടീം പേസ് കെണിയില്‍ വീഴുന്നതാണ് കണ്ടത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ടമായി. തലേ ദിവസത്തെ തന്റെ സ്‌കോറായ 44ലേക്ക് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞില്ല. ജാമിസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോഹ്ലി പുറത്തായത്. പിന്നാലെ ക്രീസില്‍ വന്ന യുവതാരം ഋഷഭ് പന്തിനും കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. 22 പന്ത് നേരിട്ട താരത്തിന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തില്‍ കവര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച താരത്തെ സ്ലിപ്പില്‍ ലാതം പിടികൂടുകയായിരുന്നു. മധ്യനിരയ്ക്കും വാലറ്റത്തിനും ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
Published by: Sarath Mohanan
First published: June 22, 2021, 7:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories