മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. തുടക്കത്തിലേ രോഹിത് ശർമ്മയെ(10) നഷ്ടമായെങ്കിലും ശിഖർ ധവാന്‍റെയും(70) കെ.എൽ രാഹുലിന്‍റെയും(43) മികവിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 10 റൺസെടുത്ത രോഹിത് ശർമ്മയെ മത്സരത്തിലെ അഞ്ചാമത്തെ ഓവറിൽ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ ഡേവിഡ് വാർണർ പിടികൂടുകയായിരുന്നു. തുടർന്ന് രാഹുലിനൊപ്പം ചേർന്ന് ധവാൻ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
രാഹുൽ, ധവാൻ, രോഹിത് തുടങ്ങിയ മൂന്നു ഓപ്പണർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ മറ്റ് ബാറ്റ്സ്മാൻമാർ. ഒരിടക്കാലത്തിനുശേഷം ജസ്പ്രിത് ബുംറ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്.
കരുത്തുറ്റ താരനിരയുമായാണ് ഓസ്ട്രേലിയ ഹ്രസ്വ ഏകദിന പരമ്പര കളിക്കാൻ ഇന്ത്യയിലെത്തിയത്. ഡേവിഡ് വാർണർ, നായകൻ ആരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത്, ആഷ്ടൻ ടർണർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.