സിഡ്നി: സെഞ്ച്വറിയുമായി കത്തിക്കയറിയ രോഹിത് ശർമയുടെ പോരാട്ടം വെറുതെയായി, ജൈ റിച്ചാർഡ്സണിന്റെ മുന്നിൽ ഇന്ത്യ കീഴടങ്ങി. ഓസീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 34 റൺസിന്റെ തോൽവി. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഓസീസ് 1-0ന് മുന്നിലെത്തി. ഓസീസ് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യയുടെ പോരാട്ടം 50 ഓവറിൽ ഒമ്പതിന് 254 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 133 റൺസുമായി പൊരുതിയെങ്കിലും രോഹിത് ശർമ 46-ാം ഓവറിൽ പുറത്തായതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചത്. 26 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ജൈ റിച്ചാർഡ്സണാണ് ഇന്ത്യയെ തകർത്തത്. 29 റൺസുമായി ഭുവനേശ്വർകുമാർ പുറത്താകാതെ നിന്നെങ്കിലും തോൽവിയുടെ ആക്കം കുറയ്ക്കാൻ മാത്രമെ അത് ഉപകരിച്ചുള്ളു. രോഹിത് ശർമയെ കൂടാതെ 51 റൺസെടുത്ത മഹേന്ദ്ര സിങ് ധോണി മാത്രമെ ഇന്ത്യൻ നിരയിൽ തിളങ്ങിയുള്ളു. എന്നാൽ ഇത്രയും റൺസെടുക്കാൻ ധോണി നേരിട്ട 96 പന്തുകൾ മത്സരഫലത്തിലും പ്രതിഫലിച്ചു.
സിഡ്നിയിൽ ഇന്ത്യയ്ക്ക് 289 റൺസ് വിജയലക്ഷ്യം; തുടക്കം തകർച്ചയോടെ
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. നാല് ഓവറിൽ നാല് റൺസെടുക്കുന്നതിനിടെ നായകൻ വിരാട് കോഹ്ലിയുടേത് ഉൾപ്പടെ മൂന്നു മുൻനിര വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ശിഖർ ധവാൻ(പൂജ്യം), വിരാട് കോഹ്ലി(മൂന്ന്), അമ്പാട്ടി റായിഡു(പൂജ്യം) എന്നിവരാണ് പവലിയനിലേക്ക് മടങ്ങിയത്. എന്നാൽ രോഹിതും ധോണിയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 137 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയേറി. എന്നാൽ കൂടുതൽ പന്തുകൾ പാഴാക്കിയുള്ള ധോണിയുടെ ബാറ്റിങ് രോഹിത് ശർമയിൽ സമ്മർദ്ദം വർധിപ്പിച്ചു. ധോണി പുറത്തായെങ്കിലും തകർപ്പൻ ബാറ്റിങുമായി മുന്നേറിയ രോഹിത് ഇന്ത്യയ്ക്ക് ജയപ്രതീക്ഷയേകി. ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ 10,000 റൺസും ധോണി തികച്ചു. ഏകദിനത്തിലെ 21-ാം സെഞ്ച്വറി കണ്ടെത്തിയ രോഹിത് ശർമ 129 പന്തിൽനിന്ന് 10 ബൌണ്ടറികളും ആറ് സിക്സറും ഉൾപ്പടെയാണ് 133 റൺസെടുത്തത്. ഒടുവിൽ സ്റ്റോയ്നിസിന്റെ പന്തിൽ മാക്സ് വെലിന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. ഓസ്ട്രേലിയയ്ക്കുവേണ്ടി റിച്ചാർഡ്സൺ നാലു വിക്കറ്റും ബെറൻഡോർഫ്, സ്റ്റോയ്നിസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
സിഡ്നി ഏകദിനം: ഓസീസിന് ബാറ്റിംഗ്; ഹാര്ദിക് പാണ്ഡ്യയും രാഹുലും പുറത്ത്
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ആതിഥേയർക്കു വേണ്ടി പീറ്റർ ഹാൻഡ്സ്കോംബ്(73), ഷോൺ മാർഷ്(54), ഉസ്മൻ ഖാവ്ജ(59) എന്നിവർ അർദ്ധസെഞ്ച്വറി നേടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മാർകസ് സ്റ്റോയ്നിസ് 47 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വർകുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. ഏകദിനത്തിൽ നൂറ് വിക്കറ്റ് നേട്ടവും ഭുവനേശ്വർ സ്വന്തമാക്കി.
മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 15ന് അഡ്ലെയ്ഡിൽ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.