News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 19, 2020, 12:20 PM IST
News18 Malayalam
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്. പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ ഓസീസ് പേസര്‍മാര്‍ തകർത്തെറിഞ്ഞു. 21.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സില്‍ ഇന്ത്യൻ സ്കോർ ഒതുക്കി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണിത്. 1974ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ചെറിയ സ്കോര്‍. അവസാനം ക്രീസിലെത്തിയ മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സിന്റെ പന്ത് തട്ടി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല.
Also Read- ക്രിക്കറ്റ് ബോർഡിന്റെ മാനസിക പീഡനം; പാക് ക്രിക്കറ്റിലെ സൂപ്പർതാരം 28-ാം വയസിൽ വിരമിച്ചുഅഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സല്‍വുഡും 4 വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യയെ തകർത്തത്. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്കി. ആദ്യം നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംറയെ (2) പുറത്താക്കി. പിന്നാലെ ചേതേശ്വര്‍ പൂജാര (0), ക്യാപ്റ്റൻ വിരാട് കോഹ്ലി (4) എന്നിവരെയും കമ്മിൻസ് മടക്കി.
മൂന്നാം ദിനത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ പുറത്താക്കി ജോഷ് ഹെയ്സല്‍വുഡും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ അജിങ്ക്യ രഹാനെയും (0) ഹെയ്സല്‍വുഡിനു മുന്നില്‍ വീണു. ഹനുമ വിഹാരി (8), വൃദ്ധിമാന്‍ സാഹ (4), ആര്. അശ്വിന് (0) എന്നിവരെയും മടക്കി ഹെയ്സല്‍വുഡ് അഞ്ച് വിക്കറ്റും ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരങ്ങൾ അറിയാം
ആദ്യ ഇന്നിങ്സില്‍ 53 റണ്‍സിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 244ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് പുറത്തായിരുന്നു. 99 പന്തില്‍ നിന്ന് 10 ഫോറുകളടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയ്നാണ് ഓസീസ് സ്കോര്‍ 191ല്‍ എത്തിച്ചത്.
Published by:
Rajesh V
First published:
December 19, 2020, 12:20 PM IST