വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്കിന്‍റെ പേസ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 117 റണ്‍സിന് പുറത്തായി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്ക് ആഞ്ഞടിച്ചതോടെ ഇന്ത്യൻ ബാറ്റിങ് നിര അക്ഷരാർഥത്തിൽ തകർന്നടിയുകയായിരുന്നു. അവസാന നിമിഷംവരെ പിടിച്ചുനിന്ന അക്ഷർ പട്ടേലാണ് ഇന്ത്യൻ സ്കോർ 100 കടത്താൻ സഹായിച്ചത്. അക്ഷർ പട്ടേൽ 29 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയുടെ സ്കോർ 71 റണ്‍സ് ആയപ്പോഴേക്കും ആറ് മുൻനിരക്കാർ പവലിയനിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് രവീന്ദ്ര ജഡേജ (16)യും അക്ഷര്‍ പട്ടേലും നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യൻ സ്കോർ 100 കടത്തുകയായിരുന്നു. അവസാന ഘട്ടത്തില്‍ തുടരെ രണ്ട് സിക്‌സുകള്‍ പറത്തി അക്ഷര്‍ സ്‌കോര്‍ 117ല്‍ എത്തിച്ചു. അക്ഷര്‍ 29 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെറും 26 ഓവറിലാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
31 റൺസെടുത്ത വിരാട് കോഹ്ലിക്ക് മാത്രമാണ് മുൻനിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നതാൻ എല്ലിസിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി വിരാട് കോഹ്ലി പുറത്തായത് മത്സരത്തിൽ നിർണായക വഴിത്തിരിവായി.
തുടർച്ചയായ രണ്ടാം മത്സരത്തിലും സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി പുറത്താകുന്നതിനും വിശാഖപട്ടണം ഏകദിനം സാക്ഷിയായി. കഴിഞ്ഞ തവണത്തേത് പോലെ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ എൽബിഡബ്ല്യൂ ആയാണ് നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ പുറത്തായത്. ശുഭ്മാൻ ഗില്ലിനും റൺസൊന്നും നേടനായില്ല.
Also Read- സൂര്യകുമാർ യാദവ് വീണ്ടും ഡക്ക് ആയി: സഞ്ജുവിന് മാത്രമെ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂവെന്ന് ആരാധകർ
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി കെഎല്‍ രാഹുല്‍ (9), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരും നിരാശപ്പെടുത്തി. സ്റ്റാര്‍ക്ക് എട്ട് ഓവറിൽ 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. സീന്‍ അബ്ബോട്ട് മൂന്ന് വിക്കറ്റും നതാൻ എല്ലിസ് രണ്ട് വിക്കറ്റും നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.