സിഡ്നി: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാൻ 195 റണ്‍സ് വേണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ടീമിനെ നയിക്കുന്ന മാത്യു വെയ്ഡാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 4 ഫോറും ഒരു സിക്‌സുമടക്കം വെയ്ഡ് 58 റണ്‍സെടുത്തു. അപാര ഫോം തുടരുന്ന സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 46 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളിങ് നിരയിൽ നാലോവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ടി നടരാജൻ മാത്രമാണ് തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മാത്യു വെയ്ഡ് മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ 59 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്. ഇതിനിടെ 9 പന്തില്‍ 9 റണ്‍സുമായി ഡാര്‍സി ഷോര്‍ട്ട് മടങ്ങി. തന്റെ ആദ്യ ഓവറില്‍ തന്നെ ടി. നടരാജനാണ് ഷോര്‍ട്ടിനെ പുറത്താക്കിയത്. ഇതിനു പിന്നാലെ എട്ടാം ഓവറിലെ അവസാന പന്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് തകര്‍ത്തടിച്ച് മുന്നേറിയ മാത്യു വെയ്ഡിനെ പുറത്താക്കിയത്. രസകരമായിരുന്നു ഈ പുറത്താകൽ. വെയ്ഡിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് പിടിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് സാധിച്ചില്ല. എന്നാല്‍ കോഹ്ലി ക്യാച്ചെടുത്തെന്ന് ഉറപ്പിച്ച് തിരികെ ക്രീസില്‍ കയറാതിരുന്ന വെയ്ഡിനെ ഉടന്‍ തന്നെ കോഹ്ലി റണ്ണൗട്ടാക്കുകയായിരുന്നു.
13 പന്തില്‍ രണ്ടു സിക്‌സടക്കം 22 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഷാര്‍ദുല്‍ താക്കൂര്‍ തന്റെ സ്ലോ ബോളില്‍ വീഴ്ത്തുകയായിരുന്നു. മോയസ് ഹെന്റിക്വസ് 18 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (16), ഡാനിയല്‍ സാംസ് (8) എന്നിവര്‍ പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ തമിഴ്നാടിന്റെ യുവതാരം ടി നടരാജന്‍ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. അതേസമയം യൂസ്‌വേന്ദ്ര ചഹല്‍ ഈ മത്സരത്തില്‍ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറില്‍ 51 റണ്‍സാണ് ചാഹല്‍ വഴങ്ങിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചഹല്‍ ടീമിലെത്തി. മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യരും ടീമിലെത്തി. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, India, India-Australia, Natarajan, Steve Smith