News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 28, 2020, 2:57 PM IST
jadeja_Ind-Aus
മെൽബൺ: രവീന്ദ്ര ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സന്ദർശകരായ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ഇന്നിംഗ്സിൽ 131 റൺസ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് ആറിന് 133 റൺസ് എന്ന നിലയിലേക്ക് എറിഞ്ഞൊതുക്കി. മൂന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് ശേഷിക്കെ രണ്ടു റൺസ് മാത്രം മുന്നിലാണ് ഓസ്ട്രേലിയ.
അഞ്ചിന് 277 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന ഇന്ത്യയുടെ ഇന്നിംഗ്സ് 326 റൺസിന് അവസാനിക്കുകയായിരുന്നു. നായകൻ അജിൻക്യ രഹാനെ 112 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 57 റൺസ് നേടി. മൂന്നു വിക്കറ്റ് വീതം നേടിയ മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണുമാണ് ഓസീസ് ബൌളിങ് നിരയിൽ തിളങ്ങിയത്. പാറ്റ് കുമ്മിൻസ് രണ്ടു വിക്കറ്റെടുത്തു.
Also Read-
India vs Australia | സെഞ്ച്വറിയുമായി രഹാനെ നയിച്ചു; ഇന്ത്യ മികച്ച ലീഡിലേക്ക്
രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യൻ ബൌളർമാർ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയതോടെ മികച്ച സ്കോർ കണ്ടെത്താൻ ആതിഥേയർ ബുദ്ധിമുട്ടി. 40 റൺസെടുത്ത മാത്യു വാഡെയും 28 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയുമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തു. ബുംറ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 195 റൺസിന് പുറത്താക്കിയതാണ് ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. 48 റൺസെടുത്ത മാർനസ് ലാബുഷാഗ്നെ മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ട്രവിസ് ഹെഡ് 38 റൺസും മാത്യു വാഡെ 30 റൺസുമെടുത്ത് പുറത്തായി. സൂപ്പർ താരം സ്റ്റീവ് സ്മിത്ത് റൺസൊന്നുമെടുക്കാതെ പുറത്തായത് ഓസ്ട്രേലിയയ്ക്കു കനത്ത തിരിച്ചടിയായി. നാലു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും മൂന്നു വിക്കറ്റെടുത്ത ആർ അശ്വിനു ചേർന്നാണ് ഓസ്ട്രേലിയയെ തകർത്തത്. മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് നേടി.
Published by:
Anuraj GR
First published:
December 28, 2020, 2:57 PM IST