• HOME
  • »
  • NEWS
  • »
  • sports
  • »
  • India vs Bangladesh Under-19 World Cup|മൂന്നാം തവണയും പടിക്കൽ കലമുടച്ചു ഇന്ത്യ; ബംഗ്ലാദേശ് ജേതാക്കൾ

India vs Bangladesh Under-19 World Cup|മൂന്നാം തവണയും പടിക്കൽ കലമുടച്ചു ഇന്ത്യ; ബംഗ്ലാദേശ് ജേതാക്കൾ

തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുന്നത്

bangladesh-under-19

bangladesh-under-19

  • Share this:
    പോച്ചെഫെസ്ട്രൂം: അണ്ടർ-19 ലോകകപ്പിൽ കിരീടം കൈവിട്ട് ഇന്ത്യൻ കൗമാരപ്പട. ബാറ്റിങ്ങിലെ പരാജയം മത്സരാവസാനം വരെ ഇന്ത്യയെ വേട്ടയാടിയപ്പോൾ മൂന്ന് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്‍റെ കന്നി ലോകകിരീടം. ഇന്ത്യ ഉയർത്തിയ 178 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബംഗ്ലാദേശ് മൂന്നു വിക്കറ്റും 23 പന്തും ബാക്കിനിൽക്കെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയത്തിലെത്തുകയായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാകുന്നത്. 2000ന് ശേഷം അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ഏഴാം ഫൈനലായിരുന്നു ഇത്. ഇതിന് മുമ്പുള്ള 6 ഫൈനലുകളിൽ നാലിലും ഇന്ത്യ ജയിച്ചെങ്കിലും കഴിഞ്ഞ രണ്ടു ഫൈനലുകളിലും തോൽവിയായിരുന്നു ഫലം. ഇത്തവണ കലാശപ്പോരിൽ വിജയിച്ചതോടെ കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പകരം വീട്ടാനും ബംഗ്ലാദേശിന് സാധിച്ചു. ഒരു കളി പോലും തോൽക്കാതെയാണ് ബംഗ്ലാദേശും ഇന്ത്യയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

    മഴ തടസപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 46 ഓവറിൽ 170 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു. 42.1 ഓവറിൽ അവർ ലക്ഷ്യം കാണുകയും ചെയ്തു. 77 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന നായകൻ അക്ബർ അലിയാണ് ബംഗ്ലാദേശിനെ വിജയതീരത്ത് എത്തിച്ചത്. 47 റൺസെടുത്ത ഓപ്പണർ പർവേസ് ഹൊസൈൻ ഇമോണും ബംഗ്ലാദേശിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

    നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്താകുകയായിരുന്നു. തുടക്കം മുതൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇന്ത്യയുടെ മധ്യനിര തകർന്നടിഞ്ഞതോടെ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ(88) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 121 പന്ത് നേരിട്ട യശസ്വി എട്ട് ഫോറും ഒരു സിക്സറും ഉൾപ്പടെയാണ് 88 റൺസെടുത്തത്. തിലക് വർമ്മ 38 റൺസും ധ്രുവ് ജുറൽ 22 റൺസും നേടിയതൊഴിച്ചാൽ ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല. മൂന്നു വിക്കറ്റെടുത്ത അവിശേക് ദാസും രണ്ടു വിക്കറ്റ് വീതം നേടിയ ഷൊറിഫുൾ ഇസ്ലാമും തൻസിം ഹസൻ സകിബും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

    മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ ഓവറിൽ അവർ 50 റൺസ് കൂട്ടിച്ചേർത്തപ്പോൾ അനായാസ ജയം പ്രതീക്ഷിച്ചു. എന്നാൽ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ ഇന്ത്യൻ ബൌളർമാർ ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് തകരാൻ തുടങ്ങി. 10 ഓവറിൽ മൂന്ന് മെയ്ഡൻ ഉൾപ്പടെ 30 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റെടുത്ത രവി ബ്രിഷ്നോയ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഒരുഘട്ടത്തിൽ ആറിന് 102 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകരുകയും ചെയ്തു. എന്നാൽ റിട്ടേയർഡ് ഹർട്ടായി മടങ്ങിയ ഓപ്പണർ പർവേസ് ഹൊസൈൻ തിരിച്ചെത്തി നായകൻ അക്ബർ അലിക്കൊപ്പം ചേർന്നതോടെ മത്സരഗതി മാറ്റിമറിച്ചു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 41 റൺസ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പർവേസ് പുറത്തായെങ്കിലും കൂടുതൽ നഷ്ടം കൂടാതെ അക്ബർ അലി ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി ബ്രിഷ്നോയിയെ കൂടാതെ രണ്ടു വിക്കറ്റെടുത്ത സുശാന്ത് മിശ്രയും ബൌളിംഗിൽ തിളങ്ങി.
    Published by:Anuraj GR
    First published: