ബിര്‍മിങ്ഹാം: ബംഗ്ലാദേശുമായി ഇന്ത്യ ഇന്ന് ഏറ്റുമുട്ടുമ്പോള്‍ 2007 ലെ ലോകകപ്പ് പോരാട്ടമാകും എല്ലാവരുടെയും മനസിലേക്കെത്തുക. അന്ന് ഇന്ത്യക്കെതിരെ അമ്പരപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് നേടിയത്. ലോകകപ്പില്‍ ഇതുവരെ മൂന്ന് തവണയാണ് ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കു നേര് വന്നത്. ഇന്ത്യ രണ്ടുതവണയും ബംഗ്ലാദേശ് ഒരുതവണയും വിജയിച്ചു.
2007 ലോകകപ്പില്‍ ആദ്യ മുഖാമുഖത്തിലാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയെ 5 വിക്കറ്റിന് തകര്‍ത്തത്. ഇന്ത്യയുടെ നോക്കൗട്ട് സാധ്യത തന്നെ ഇല്ലാതാക്കിയ മത്സരമായിരുന്നു അത്. കഴിഞ്ഞ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യയും ബംഗ്ലാദേശും അവസാനം നേര്‍ക്കുനേര്‍ വരുന്നത്. അന്ന് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേടിയത് 6 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ്. രോഹിത് ശര്‍മയുടെ കന്നി ഏകദിനസെഞ്ച്വറിയും അന്നായിരുന്നു. 137 റണ്‍സാണ് താരം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 193 റണ്‍സിന് ഓള്‍ഔട്ടായി.
Also Read: ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു; കാര്‍ത്തിക്കും ഭൂവിയും ടീമില്‍
ഈ ജയത്തിന് നാല് വര്‍ഷം മുമ്പ് 2011 ലോകകപ്പിലെ ഉദ്ഘാടന മത്സരം തന്നെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു. ടോസ് കിട്ടി ഫീല്‍ഡ് ചെയ്ത ബംഗ്ലാദേശിനെ വിരേന്ദര്‍ സെവാഗാണ് പ്രഹരിച്ചത്. 175 റണ്‍സ് താരം നേടി. വിരാട് കോഹ്ലി കൂടി സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യ 4 വിക്കറ്റിന് 370 എന്ന കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി. ബംഗ്ലാദേശിന് നേടാനായത് 283 മാത്രം. 4 വിക്കറ്റ് വീഴ്ത്തിയ മുനാഫ് പട്ടേലാണ് ബംഗ്ലാ ബാറ്റിങ്ങിനെ തകര്‍ത്തത്.
ഏകദിന ചരിത്രത്തില്‍ 35 മത്സരങ്ങളാണ് ഇതുവരെ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചത്. 29 എണ്ണത്തിലും ഇന്ത്യ ജയിച്ചു. 5 എണ്ണത്തില്‍ ബംഗ്ലാദേശും. ഒരെണ്ണത്തില്‍ ഫലമുണ്ടായില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.