ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രതിഷേധം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മീറ്റിംഗിൽ ചർച്ചയ്ക്ക് വന്നിട്ടുണ്ടെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. എല്ലാവരും മീറ്റിങ്ങിൽ ഇതേക്കുറിച്ച് അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് ഓൺലൈനിൽ സംസാരിച്ചപ്പോഴാണ് കോഹ്ലി പറഞ്ഞത്. കർഷക സമരത്തെ കുറിച്ച് ഹ്രസ്വമായ ചർച്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സംഭാഷണത്തിന്റെ വിശദാംശങ്ങൾ വിരാട് കോഹ്ലി വെളിപ്പെടുത്തിയിട്ടില്ല.
“ടീം മീറ്റിംഗിൽ ഞങ്ങൾ സംക്ഷിപ്തമായി കർഷക സമരത്തെ കുറിച്ച് ചർച്ച ചെയ്തു. എല്ലാവരും അവരവരുടെ അഭിപ്രായം പ്രകടിപ്പിച്ചു,” രണ്ട് മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ കോഹ്ലി പറഞ്ഞു. കർഷക സമരത്തിന് പിന്തുണയുമായി നിരവധി അന്താരാഷ്ട്ര സെലിബ്രിറ്റികൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ ശക്തമായി ട്വിറ്ററിൽ മറുപടി നൽകിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയവരും അവരുടെ അഭിപ്രായം പങ്കുവെച്ചിരുന്നു.
ടഅഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറിൽ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കൃഷിക്കാർ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും എല്ലാ പാർട്ടികൾക്കും ഇടയിൽ ഒരു സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു.
ഇന്ത്യ-ഇംഗ്ലണ്ട് നാലു മത്സര ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച ചെന്നൈയിൽ തുടക്കമാകും. ഇന്ത്യക്കെതിരെ ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾ ചെന്നൈയിലെത്തിയിട്ടുണ്ട്. ആറു ദിവസത്തെ ക്വറന്റീന് ശേഷമാണ് പരിശീലനത്തിന് അനുമതിയുള്ളത്. ബെൻ സ്റ്റോക്സ് നേരത്തെ ചെന്നൈയിലെത്തിയത്. നിലവിൽ ശ്രീലങ്കയിലുള്ള ടീമിനൊപ്പം സ്റ്റോക്സ് ഉണ്ടായിരുന്നില്ല.
ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ വിശ്രമത്തിലായിരുന്ന ജോഫ്ര ആർച്ചറും ഓപ്പണർ റോറി ബേൺസും സ്റ്റോക്സിനൊപ്പം ഉടൻ ചേരും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. മറുവശത്ത്, ജോ റൂട്ടും മറ്റ് ടീം അംഗങ്ങളും ബുധനാഴ്ച ജനുവരി 27 ഇന്ത്യയിലെത്തും. അവരുടെ പരിശീലന ക്യാമ്പിന് പോകുന്നതിന് മുൻപായി അവരും ക്വറന്റീനിൽ പ്രവേശിക്കും. മൂന്ന് ദിവസത്തെ പരിശീലനം മാത്രമേ സന്ദർശകർക്ക് ലഭിക്കൂ.
Also Read-
എട്ടര മിനിറ്റിൽ 2 കി.മീ. ഓടിയെത്തണം; ക്രിക്കറ്റ് താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് ഇനി കഠിനം
ഫെബ്രുവരി 5 മുതൽ 9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13 മുതൽ 17 വരെയാണ്. ആദ്യ രണ്ട് ടെസ്റ്റുകളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിനുശേഷം ഒരു പകൽ- രാത്രി ടെസ്റ്റ് ഉൾപ്പെടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി ടീം അംഗങ്ങൾ അഹമ്മദാബാദിലെ പുതുതായി നവീകരിച്ച മോട്ടേര സ്റ്റേഡിയത്തിലേക്ക് പോകും. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം അഞ്ച് ടി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും. ടി20 മാർച്ച് 12ന് ആരംഭിക്കും. ഏകദിനങ്ങൾ 23-ാം തീയതി തുടങ്ങും. ഇതിനുശേഷം ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.